Kerala rain: സംസ്ഥാനത്ത് കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala rain updates: കഴിഞ്ഞ ദിവസം മുതൽ വടക്കൻ കേരളത്തിൽ അതിശക്തമായ രീതിയിലുള്ള മഴയാണ് ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 07:14 PM IST
  • കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
  • നാളെ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
  • സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമായി തുടരുമെന്നാണ് അറിയിപ്പ്.
Kerala rain: സംസ്ഥാനത്ത് കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ലെന്നും മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ലെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു. 

ALSO READ: മഴക്കാല പൂര്‍വ ശുചീകരണം പരാജയം; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പുണ്ട്. 

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (ഓറഞ്ച് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണെന്നും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും ജില്ലാ കളക്ടറുടെ അറിയിപ്പിൽ പറയുന്നു. 

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണെന്നും അറിയിപ്പിലുണ്ട്. 

ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണെന്നും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും തൃശൂർ ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്. അതേസമയം, വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നുമുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5  ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട  സ്ഥലങ്ങളിൽ നാളെ (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News