തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ രംഗത്തെ അഭിനന്ദിച്ചത്.
സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു വിജയകരമായ മാതൃകയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പെയിൻ ആന്റ് പാലിയേറ്റീവ് കെയറിൽ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയർ സംവിധാനം വീടുകളിൽ സാന്ത്വന പരിചരണം നൽകുന്നതുൾപ്പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളർന്നു.
ALSO READ: കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു
പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്സുമാർ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവർത്തനത്തിനും ശക്തമായ ഊന്നൽ നൽകുന്നതാണ് കേരള മോഡൽ. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് സാന്ത്വന പരിചരണ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വലിയ പ്രവർത്തനങ്ങളാണ് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആർദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയർ. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി.
സർക്കാർ മേഖലയിൽ 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴിൽ പ്രധാന ആശുപത്രികളിൽ 113 സെക്കന്ററി ലെവൽ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കൽ കോളേജുകളിലും ആർ.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയർ യൂണിറ്റുകളുണ്ട്. കേരളത്തിൽ ആവശ്യമുള്ള എല്ലാ രോഗികൾക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ പാലിയേറ്റീവ് കെയർ വാരാചരണത്തോടനുബന്ധിച്ച് 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന കാമ്പയിൻ സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.