കൊച്ചി: കേരളത്തിൽ വലിയ ചർച്ചയാക്കപ്പെട്ട രണ്ട് കൊലപാതകങ്ങൾ ആണ് ജിഷ വധവും, ആറ്റിങ്ങൽ ഇരട്ടക്കൊലയും. ഇതിലെ പ്രതികൾക്ക് വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്ന ചരിത്രപരമായ നീക്കവുമായി കേരള ഹൈക്കോടതി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ കൂടി പരിഗണിച്ചു കൊണ്ടാണ് പുനഃപരിശോധിക്കുക.
ജയില്‍ വകുപ്പിനോട് രണ്ടു കേസുകളിലേയും സ്വഭാവത്തെക്കുറിച്ചും പശ്ചാത്തലത്തേക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയില്‍ കോടതി തീരുമാനമെടുക്കുക. ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് കേരളത്തില്‍ ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ ജീവിതസാഹചര്യവും മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന ഉത്തരവ്. ഇക്കാര്യം കോടതിയില്‍ കുറ്റവാളികളുടെ അഭിഭാഷകര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ALSO READ: ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും പിടിയിൽ
പ്രതികളുടെ കുറ്റകൃത്യത്തിന് മുന്‍പും അതിന് ശേഷവുമുള്ള സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം, നേരത്തേ ഇവര്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ ഇരയായവരാണോ, പ്രതികളുടെ മാനസികാവസ്ഥ എന്നിവ കൂടി പരിഗണിച്ച് മിറ്റിഗേഷന്‍ അന്വേഷണം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. രണ്ട് കേസുകളിലെ കുറ്റവാളികളെയും പാര്‍പ്പിച്ച ജയില്‍ അധികൃതരോട് പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തേടിയിട്ടുണ്ട്.
2016 ഏപ്രില്‍ 28നാണ് നിയവിദ്യാർത്ഥിനിയായ ജിഷ അതിക്രൂരമായി കൊലപ്പെടുന്നത്. ജിഷയുടെ വീട്ടിൽ വച്ചു തന്നെയാണ് സംഭവം നടന്നത്. അമ്മയായ രാജേശ്വരി ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയ പ്രതി അവിടെ എത്തുകയും കുറ്റകൃത്യം നടത്തുകയുമായിരുന്നു. രാത്രി ജോലി കഴിഞ്ഞ് രാജേശ്വരി എത്തിയപ്പോഴാണ് മരണ വിവരം ലോകം അറിയുന്നത്.
വൈകിട്ട് അഞ്ചരയക്ക് അമ്മ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടയരക്ക് വെള്ളമെടുക്കാന്‍ ജിഷ പുറത്ത് നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു.അതിന് ശേഷമാണ് ഇത് സംഭവിച്ചത്. ആദ്യം വെറുമൊരു കൊലപാതക വാര്‍ത്ത മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന കേസ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇടപെട്ടതോടെയാണ് ഇതിനു പിന്നിലെ സത്യങ്ങൾ മറനീക്കി പുറത്തു വന്നത്.
2014 ഏപ്രില്‍ 16-നാണ് തിരുവനന്തപുരം ആറ്റിങ്ങലിൽ ഇരട്ട കൊലപാതകം നടക്കുന്നത്. കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ഐടി ജീവനക്കാരായ അനുശാന്തിയും നിനോ മാത്യുവുമാണ് പ്രതികൾ. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു അനുശാന്തിയുടേയും, പ്രതി നിനോ മാത്യുവിന്റയും ക്രൂരതയ്ക്ക് ഇരയായത്. ഭർത്താവായ ലിജേഷിന് വെട്ടേറ്റിരുന്നുവെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പ്രണയത്തിൽ ആയിരുന്ന അനുശാന്തിയും നിനോയും ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന ചിന്തയിൽ കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി അന്ന് ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായി വ്യക്തമാക്കിയിരുന്നു. ശിക്ഷ സംബന്ധിച്ച വാദത്തിനിടെ സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയെന്ന് വിധിക്കരുതെന്ന് അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രതി നിനോ മാത്യുവാകട്ടെ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍ പറഞ്ഞിരുന്നു. കേരളത്തെ നടുക്കിയ ഈ രണ്ട് സുപ്രധാന കൊലപാതകങ്ങളിലെ വിധിയാണ് ഇനി കോടതി പുനപരിശോധിക്കാൻ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...