കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ (Bail application) തള്ളി കോടതി. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി (Order) പറയാൻ ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, കരിപ്പൂർ സ്വർണ കടത്ത് കേസിൽ പ്രധാന പ്രതിയെന്ന് (Accused) സംശയിക്കപ്പെടുന്ന അർജുൻ ആയങ്കിയുടെ ഫോൺ രേഖകൾ പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അർജുൻ ആയങ്കി ഹാജരാകുന്നതിന് മുമ്പ് ഫോൺ നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ടെലികോം കമ്പനികളുടെ സഹായത്തോടെയാകും വിവരശേഖരണം നടത്തുക. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ സ്വർണം അർജുന് കൊടുക്കാനായാണ് കൊണ്ട് വന്നതെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാൻ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണത്തിന് സംരക്ഷണം നൽകാൻ എത്തിയത് സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മാത്രമല്ല രാമനാട്ടുകരയിൽ അപകടം (Ramanattukara accident) നടന്ന സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു.
സൂഫിയാന്റെ സഹോദരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻപ് രണ്ടുതവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഈ കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മുന്‍ മേഖലാ ഭാരവാഹി സി സജേഷ് കസ്റ്റംസിന് മുന്നില്‍ ഹാജരായി. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...