K Sudhakaran: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നാം തീയതി ശമ്പളവും ജീവനക്കാർക്ക് പിച്ചച്ചട്ടിയും: കെ.സുധാകരൻ

 പന്ത്രണ്ട് ലക്ഷത്തോളം വരുന്ന  അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയുന്നില്ല. ആറര ലക്ഷം വരുന്ന പെൻഷൻകാർക്ക് പെൻഷൻ മുടങ്ങി. സർക്കാരാണ് ഇതിനെല്ലാം ഉത്തരവാദി.

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 11:28 PM IST
  • സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പെൻഷൻകാർക്ക് മരുന്നും ചികിത്സയും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന് ഇടയാക്കി.
  • പരീക്ഷ ആരംഭിക്കാനിരിക്കുന്ന ഈ സമയത്ത് അധ്യാപക സമൂഹത്തോടുള്ള കടുത്ത അനീതിയാണ് ശമ്പളം നൽകാത്തത്.
K Sudhakaran: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നാം തീയതി ശമ്പളവും ജീവനക്കാർക്ക് പിച്ചച്ചട്ടിയും: കെ.സുധാകരൻ

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമ്പോൾ സംസ്ഥാനത്തെ അധ്യാപകരെയും ജീവനക്കാരെയും പെൻഷൻകാരെയും പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലെത്തിച്ചത് പിണറായി സർക്കാരിന്റെ  കഴിവുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി. യാതൊരു തത്വദീക്ഷയും ഇല്ലാതെ ഖജനാവിലെ പണം ധൂർത്തടിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആറു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ്. പന്ത്രണ്ട് ലക്ഷത്തോളം വരുന്ന  അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയുന്നില്ല. ആറര ലക്ഷം വരുന്ന പെൻഷൻകാർക്ക് പെൻഷൻ മുടങ്ങി. സർക്കാരാണ് ഇതിനെല്ലാം ഉത്തരവാദി.

ജീവനക്കാരും അധ്യാപകരും പെൻഷൻകാരും അവരുടെ ആശ്രിതരും അടക്കം 50 ലക്ഷത്തോളം പേരെയാണ് ഇത് പ്രത്യക്ഷത്തിൽ ബാധിക്കുന്നത്. ശമ്പളവും പെൻഷനുമായി വിതരണം ചെയ്യുന്ന പണമാണ് പൊതു വിപണിയെ ചലനാത്മകമാക്കുന്നത്. ഇത് യഥാസമയം നൽകാൻ കഴിയാത്തതിനാൽ വിപണിയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കും. ശമ്പളത്തിന്റെയും പെൻഷന്റെയും ഭൂരിപക്ഷവും സർക്കാർ ജീവനക്കാർ ചെലവഴിക്കുന്നത് സമ്പാദ്യത്തിനല്ല, മറിച്ച്  നിത്യനിദാന ചെലവുകൾ നടത്തിക്കൊണ്ടു പോകാനാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ALSO READ: എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പെൻഷൻകാർക്ക് മരുന്നും ചികിത്സയും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന് ഇടയാക്കി. പരീക്ഷ ആരംഭിക്കാനിരിക്കുന്ന ഈ സമയത്ത് അധ്യാപക സമൂഹത്തോടുള്ള കടുത്ത അനീതിയാണ് ശമ്പളം നൽകാത്തത്. അതി രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സംസ്ഥാനത്ത് വൈദ്യുതിക്കരവും വെള്ളക്കരവും ബസ് ചാർജ്ജും  നിരവധി വട്ടം കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ശമ്പളവും പെൻഷനും മുടങ്ങുന്നത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ദുരിതം ഇരട്ടിയാക്കും. ഡിഎ കുടിശ്ശികയും ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുള്ളത്.കഴിഞ്ഞ എട്ടു വർഷക്കാലമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരെന്ന നിലയിൽ വായ്പ എടുത്തു മുന്നോട്ടു പോവുകയാണ് ഭൂരിപക്ഷം ജീവനക്കാരെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

 ഒരു ലക്ഷത്തോളം വരുന്ന ക്ലാസ് ഫോർ ജീവനക്കാർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നട്ടം തിരിയുകയാണ്. ഈ ശമ്പള വിതരണം മുടങ്ങിയത് ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കും. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക്  കൃത്യനിർവഹണം നടത്തുന്നതിന് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കും. ഈ  അസന്തുലിതാവസ്ഥ സംസ്ഥാനത്തെ സിവിൽ സർവീസിനെ സാരമായി ബാധിക്കും.

 അധ്യാപകരെയും ജീവനക്കാരെയും സർക്കാർ അവസരം കിട്ടുന്നിടത്തൊക്കെ അവഹേളിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഇവരുടെ തലയിൽ കെട്ടിവച്ച് തടിയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം പി.എസ്.സി വഴി നിയമനങ്ങൾ നടക്കുന്നില്ല. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ്  സെക്രട്ടേറിയേറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്തും  ആത്മഹത്യയ്ക്ക് ഒരുങ്ങിയും മുട്ടിലിഴഞ്ഞും സമരം ചെയ്യുകയാണ്.  ഇതൊന്നും കാണാതെ കേരളീയം, നവകേരള സദസ്സ്, മുഖാമുഖം തുടങ്ങിയ പി.ആർ വർക്കുകൾക്കായി കോടികളാണ് സർക്കാർ പൊടിക്കുന്നത്. മന്ത്രിമന്ദിരം മോടി കൂട്ടാൻ കോടികൾ ചെലവാക്കുന്നതിന് പുറമെ സർക്കാരിന്റെ മുഖം മിനുക്കാനും അഴിമതിനടത്താനും ധൂർത്തിനും ആർഭാടത്തിനും ഖജനാവിലെ പണം കടത്തിക്കൊണ്ടു പോവുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

Trending News