Kottayam: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ജോസ് കെ. മാണി ഇടതിനൊപ്പം ചേര്‍ന്നു.
ഒരു ജില്ലാ പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍ഡിഎഫ് (LDF) മുന്നണി പ്രവേശനം പ്രഖ്യാപിച്ചു കൊണ്ട് ജോസ് കെ മാണി (Jose K Mani) പറഞ്ഞു.
എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിയ്ക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് (Congress) ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല, ജോസ് കെ മാണി പറഞ്ഞു. കെ എം മാണി (K M Mani)യുടെ മരണത്തിന് ശേഷം കോണ്‍ഗ്രസ് എന്നും ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് (P J Joseph) നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.
അതേസമയം, മാണി സാറിന്റെ സുന്ദരിയായ യുവതി "പാലാ" വീണ്ടും പ്രശ്നം സൃഷ്ടിക്കും. കാരണം , പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ മാണി സി കാപ്പന് തയ്യാറല്ല. 15 വര്‍ഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാല്‍ വിട്ടുകൊടുക്കില്ല എന്നും മാണി സി. കാപ്പന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Also read: K M Maniയുടെ ആശീര്‍വാദത്തോടെ ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക്
തര്‍ക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ സി.പി.എം. ഇടപെട്ട് സമവായമുണ്ടാക്കുമെന്നാണ് ജോസ് കെ. മാണിക്ക് മുന്നണി പ്രവേശനത്തിന് മുന്‍പ് ലഭിച്ചിരിക്കുന്ന ഉറപ്പ്. പ്രത്യേകിച്ചും പാലാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അതേസമയം, പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന് നിലപാട് കടുപ്പിച്ചത് ഇടത് ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.