തിരുവനന്തപുരം: ISRO ചാരക്കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ISRO ശാസ്ത്രജ്ഞന് എസ്. നമ്പി നാരായണനുമായി ഒത്തുതീര്‍പ്പിന് സംസ്ഥാന സര്‍ക്കാര്‍.
നിയമവിരുദ്ധ അറസ്റ്റിനെതിരെ, തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന് ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശിപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നല്കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന് ശിപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്.
നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീര്‍പ്പു കരാര്‍ തിരുവനന്തപുരം സബ്കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
നമ്പി നാരായണന് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍ ചീഫ്സെക്രട്ടറി കെ. ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശിപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം എടുത്തത്.
ചാരക്കേസില്‍ 1994 നവംബര്‍ 30നാണ് നമ്പി നാരായണന് അറസ്റ്റിലായത്. എന്നാല്‍ അദ്ദേഹത്തിനെതിരായ കേസ് പൂര്‍ണമായും വ്യാജമാണെന്ന് സിബിഐ തെളിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയും ശരിവക്കുകയായിരുന്നു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സിബിഐ ശുപാര്‍ശ ചെയ്തിരുന്നു.