മറ്റേണിറ്റിഫോട്ടോഷൂട്ടുകൾ എങ്ങും വൈറലാണല്ലോ. ലക്ഷങ്ങൾ വരെ ചെലവഴിച്ച് റിസോർട്ടുകളിലും വിദേശത്തും ഒക്കെയായി ഫോട്ടോഷൂട്ടുകൾ സജീവമാകുമ്പോൾ വയനാട്ടിലെ ആദിവാസി ഊരിൽ നിന്നിതാ ഒരു വ്യത്യസ്ഥ ഷോട്ടോഷൂട്ട്. ട്രെൻഡിനൊപ്പം എന്നാൽ പരമ്പരാഗത രീതികളിൽ ഒരു മാറ്റവും വരുത്താതെ ഒരു മറ്റേണിറ്റി ഫോട്ടോ ഷൂട്ട്. പണിയ വിഭാഗത്തിലെ ആദ്യ എംബിഎക്കാരനായ മണിക്കുട്ടനും ഭാര്യ ഗ്രീഷ്മയുമാണ് കുഞ്ഞുവാവയെ കാത്തിരിക്കുന്നത്. ഒൻപതാംമാസത്തിലെ ഫോട്ടോഷൂട്ടിനായി പരമ്പരാഗത വസ്ത്രങ്ങളും ആഭരങ്ങളുമാണ് ഇരുവരും ഉപയോഗിച്ചത്. പണിയ സമുദായത്തിന്റെ തനത് വസ്ത്രമായ ചേല കെട്ടിമേച്ചുക, (സാരി പ്രത്യേക രീതിയിൽ കെട്ടുന്നതിനെ പണിയ ഭാഷയിൽ ചേല കെട്ടിമേച്ചുക എന്നാണ് പറയുക), മുടച്ചുൾ (കഴുത്തിൽ നെക്ലൈസ് പോലെ കെട്ടുന്ന മാല), പണക്കല്ല മാലകളും (പരമ്പരാഗതമായ അണിയുന്ന നാണയത്തുട്ടുകൾ ചേർത്തുവച്ചുള്ള മാല) അണിഞ്ഞ് നിറവയറുമായി ഗ്രീഷ്മ.
"എങ്കള തനതു കുപ്പയത്തിലിയും മുണ്ടിലിയും ഒരുങ്കി കല്ലെയും മാലെയും ഉട്ടൊരുങ്കി വന്ത എണ്ണ ഉറട്ടിയും പുള്ളെ മറിയും" ( ഞങ്ങളുടെ തനത് വസ്ത്രധാരണ രീതിയിലും ആടയാഭരണങ്ങളും ഇട്ട് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് എന്റെ ഭാര്യയും കുഞ്ഞും)- മണിക്കുട്ടൻ പറയുന്നു .
പരമ്പരാഗത വസ്ത്രവും ആഭരണങ്ങളും ഉപയോഗിക്കുന്നവർ ഇന്ന് ഊരിൽ കുറവാണ്. പ്രായംചെന്ന ആളുകൾ മാത്രമാണ് ഇപ്പോൾ ചേല കെട്ടിമേച്ചുക ഉപയോഗിക്കുന്നത്. ഗർഭിണിയായിരിക്കുമ്പോൾ നടത്തുന്ന ചടങ്ങുകളിലും വ്യത്യാസം വന്നിട്ടുണ്ട്. പണിയ സംസ്കാരവും തനത് വസ്ത്രങ്ങളും എല്ലാവർക്കും പരിചയപ്പെടുത്താൻ കൂടിയാണ് ഈ ഫോട്ടോഷോട്ട് എന്ന് മണിക്കുട്ടൻ പറയുന്നു.
"എങ്കള സംസ്കാരവും വേഷവിധനങ്കളും സമൂഹത്തിലിക്കു എത്തിപ്പ വോണ്ടി ആഞ്ചു ഈ പോട്ട പുടിച്ചേയ് "
ഏഴാം മാസത്തിൽ ആട്ട് പാട്ട് എന്ന ചടങ്ങും പണിയ ഊരുകളിലുണ്ട്. പെൺവീട്ടുകാർ ഭർത്താവിന്റെ വീട്ടിലെത്തി നടത്തുന്ന വയറുകാണൽ ചടങ്ങ് ആണിത്. ഊര് മൂപ്പൻ വീട്ടിലെത്തി ഗോത്രഭാഷയിൽ പാടുന്ന ഒരു പാട്ടുണ്ട്. പ്രസവം സുഖകരമാക്കാനും അമ്മയും കുഞ്ഞും സർവ ആരോഗ്യത്തോടെ ഇരിക്കാനും ദോഷങ്ങളൊക്കെ മാറാനും ഉള്ള പ്രാർഥന ആണിത്. അന്നും പരമ്പരാഗത വസ്ത്രമാണ് ധരിക്കുക. കഴുത്തിൽ അണിയുന്ന പണക്കല്ല മാലകൾ ജനനം തൊട്ട് മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും ഉപയോഗിക്കും.
''നങ്കളും ഈ സമൂഹത്തുണ ഭാഗ ആഞ്ചു എഞ്ചു കാട്ടുവണും എങ്കക്കും നിലയും വിലയും ഉള എഞ്ചു കാട്ടുവണും കൂടി ആഞ്ചു ഇവെ''
ഞങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണ്. ഇവിടെ നിലയും വിലയും ഉള്ളവരാണ്. ഒപ്പം ഞങ്ങളുടെ സംസ്കാരത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആണ് ഫോട്ടോ ഷൂട്ട് ഒരുക്കിയതെന്ന് പറയുന്നു മണിക്കുട്ടൻ.
ഗ്രീഷ്മയുടെ കസിൻ ഷിജിൻ ജയരാജ് ആണ് ഫോട്ടോ എടുത്തത്. ഫോട്ടോഷൂട്ടിനായി വലിയ റിസോർട്ടുകളിലേക്കും പോകാൻ കഴിയാത്തതിനാൽ ഊരിനുള്ളിൽ തന്നെ സെറ്റിട്ടു. വീടും പരിസരവും തന്നെയാണ് കൂടുതലായും തെരഞ്ഞെടുത്ത്. പരമ്പരാഗത വാദ്യോപകരണമായ തുടിയും ഉപയോഗിച്ച് കലാപരമായാണ് ഷിജിൻ ഫോട്ടോകൾ എടുത്തത്. കുഞ്ഞ് ജനിച്ച് നൂലുകെട്ട് ചടങ്ങിനും ഉണ്ട് പ്രത്യേകതകൾ. 28ആം ദിവസം അച്ഛന്റെ വീട്ടുകാർ എത്തി പാൽ തുളസിയിലയിൽ തൊട്ട് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുന്ന ഒരു ചടങ്ങുണ്ട് ഇവർക്ക്.
നഴ്സിംഗ് പഠനം പൂർത്തിയാക്കിയതാണ് ഗ്രീഷ്മ. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ടീച്ചിങ് അസിസ്റ്റന്റ് ആണ് മണിക്കുട്ടൻ. ഇരുവരുടെയും വിവാഹവും തീർത്തും ആചാരപരമായിരുന്നു. വിവാഹത്തിന് മുമ്പുള്ള സേവ് ദ് ഡേറ്റ് ഫോട്ടോകൾ വൈറലായിരുന്നു. വാവയെ കാത്തിരിക്കുന്ന ഗ്രീഷ്മയ്ക്കും മണിക്കുട്ടനും എല്ലാവരോടും പറയാനുള്ളത് ഇതാണ്
''ഒക്കളും എങ്കളെ അനുഗ്രഹിക്കണു''
(എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം)
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.