പാലാരിവട്ടം പാലം പുതുക്കി പണിയും; ഇ.ശ്രീധരന് മേല്‍നോട്ടം!!

ഒക്ടോബര്‍ ആദ്യവാരം പണി ആരംഭിച്ച് 1 വര്‍ഷം കൊണ്ട് പാലം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Last Updated : Sep 16, 2019, 12:34 PM IST
 പാലാരിവട്ടം പാലം പുതുക്കി പണിയും; ഇ.ശ്രീധരന് മേല്‍നോട്ടം!!

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. 

നിലവിലെ പാലം പൂര്‍ണമായും പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിക്കാനാണ് തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 

ഡിസൈനും എസ്റ്റിമേറ്റും തയാറാക്കി നിർമ്മാണത്തിന്‍റെ മേൽനോട്ട൦ വഹിക്കുന്നത് ഇ.ശ്രീധരാനിയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ട് പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കാനാകില്ലെന്നാണ് ഇ ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഒക്ടോബര്‍ ആദ്യവാരം പണി ആരംഭിച്ച് 1 വര്‍ഷം കൊണ്ട് പാലം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ  അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ് വിലയിരുത്തലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈ ഐഐടി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയത്.

പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ ആ പാലം എത്രകാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ചെന്നൈ ഐ ഐ ടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 

ശ്രീധരനടങ്ങിയ ഒരു കൂട്ടം വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും പാലത്തിന്റെ രൂപകല്‍പനയും നിര്‍മാണവും നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.   

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇ. ശ്രീധരന് പുറമെ ചെന്നൈ ഐഐടിയിലെ വിദഗ്ധരും പങ്കെടുത്തിരുന്നു.

Trending News