THiruvananthapuram : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തള്ളി സിപിഎം(cpm) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തി. ശിവശങ്കർ പുസ്തകത്തിൽ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കും എതിരെ പറഞ്ഞത് ശരിയാണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
ആദ്യമായിയാണ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം(cpm) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തുന്നത്. ശിവശങ്കർ പുസ്തകം എഴുതിയത് ചട്ടലംഘനം ആണെങ്കിൽ അത് സർക്കാർ പരിശോധിച്ച് നടപടി സ്വീകരിക്കട്ടെയെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനാണ് അദ്ദേഹത്തിൻറെ പ്രതികരണം പുറത്ത് വിട്ടത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ആന' എന്ന പുസ്തകം പുറത്ത് വന്നതാണ് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സ്വപ്‍ന തന്നെ ചതിക്കുകയായിരുന്നുവെന്ന് പുസ്തകത്തിൽ ശിവശങ്കർ പറഞ്ഞിരുന്നു.
എന്നാൽ ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾ തള്ളി സ്വപ്നയും രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎ എത്തിയതിന് പിന്നിൽ എം ശിവശങ്കറിന്റെ മാസ്റ്റർ ബ്രെയിൻ ആണെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് താൻ അറിഞ്ഞതായി സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ (M Shivashankar) പുസ്തകത്തിലെ വാദം തെറ്റാണെന്നും ബാഗിൽ എന്തായിരുന്നുവെന്നത് ശിവ ശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല സ്വർണക്കടത്ത് കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നുവെന്നും നയതന്ത്ര ബാഗേജിൽ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമാണെന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ പോലീസ് അനധികൃതമായി ഇടപെട്ടുവെന്നും വി.ഡി സതീശനും ആരോപിച്ചു. കസ്റ്റഡിയില്‍ വച്ച് സ്വപ്‌ന ശബ്ദരേഖ നല്‍കിയതിലൂടെ പോലീസിന്റെ ഇടപെടൽ വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവർത്തനവും നടന്നതായും വി.ഡി സതീശൻ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...