തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് 2 രൂപയാണ് അധികം നൽകേണ്ടി വരിക. ഇന്ധന വിലയ്ക്ക് പുറമെ മദ്യത്തിനും ഭൂമിയുടെ ന്യായ വിലയിലുമെല്ലാം നാളെ മുതൽ വർധനയുണ്ടാകും. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് അവയെല്ലാം അവഗണിച്ച് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.
ഇന്ധന വില വർധനവാണ് സാധാരണക്കാരുടെ നടുവൊടിക്കുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ വേണ്ടിയുള്ള പണം കണ്ടെത്താനായാണ് ബജറ്റിൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത്. ഇതാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നെങ്കിലും സർക്കാർ പിന്നോട്ട് പോകാൻ തയ്യാറായില്ല. ഇതിനിടെ പെട്രോൾ, ഡീസൽ വില ഒരു രൂപയെങ്കിലും കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതും ഉണ്ടായില്ല.
ALSO READ: നിരോധിച്ച 1000 രൂപയുടെ വ്യാജനോട്ടുകൾ കാസർഗോഡ് നിന്നും പോലീസ് പിടികൂടി
സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് 10 രൂപയുടെയെങ്കിലും വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 രൂപ മുതൽ 999 രൂപ വരെയുള്ള മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പി ഒന്നിന് 40 രൂപയുമാണ് സെസ് നൽകേണ്ടി വരിക. ഇതിനോടൊപ്പം ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. കഴിഞ്ഞ 13 വർഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില വർധിപ്പിച്ചത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്പോൾ 1,20,000. ഇതിനോടൊപ്പം 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും 2 ശതമാനം രജിസ്ട്രേഷൻ ഫീസും കൂടിയാകുമ്പോൾ പ്രമാണ ചെലവിലും ആനുപാതികമായ വർധനയുണ്ടാകും.
ഭൂനികുതിയും അഞ്ച് ശതമാനം വർധിക്കും. കെട്ടിട നികുതി നിരക്കിലും വിവിധ അപേക്ഷകളുടെ ഫീസ് നിരക്കിലുള്ള വര്‍ദ്ധനയും ബജറ്റിൽ നിർദ്ദേശിച്ചിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കേണ്ടത് തദ്ദേശ വകുപ്പാണ്. വിശദമായ ഉത്തരവ് വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന. 2022-23 സാമ്പത്തിക വർഷം അവസാനിച്ച് പുതിയ സാമ്പത്തിക വർഷത്തിലേയ്ക്ക് കടക്കുന്നതോടെ ചെലവുകളും കൂടുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി, സെസ് എന്നിവ നടപ്പിലാക്കാൻ പോകുന്ന 2023-24 സാമ്പത്തിക വർഷത്തിൽ അധിക ബാധ്യതയാണ് ജനങ്ങളിലേയ്ക്ക് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...