'ദുരന്തമുണ്ടാകുമ്പോൾ മാത്രം പ്ര‍വ‍ർത്തിക്കും';കേരളത്തിലെ ഭക്ഷ്യസുരക്ഷ എങ്ങോട്ട്?

പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പും സർക്കാരും..ദുരന്തം സംഭവിക്കുമ്പോൾ മാത്രം നടത്തേണ്ടതാണോ ഈ പരിശോധനകൾ? 

Written by - പ്രമദാ മുരളി എം.എൽ | Last Updated : Jan 7, 2023, 11:59 AM IST
  • ദുരന്തം സംഭവിക്കുമ്പോൾ നടത്തേണ്ടതാണോ ഈ പരിശോധനകൾ?
  • പരിശോധനകൾക്ക് സ്ഥിരം സംവിധാനം വേണം
'ദുരന്തമുണ്ടാകുമ്പോൾ മാത്രം പ്ര‍വ‍ർത്തിക്കും';കേരളത്തിലെ ഭക്ഷ്യസുരക്ഷ എങ്ങോട്ട്?

2022 മെയ് ഒന്നിനാണ് കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് 16 വയസ്സുകാരി മരിച്ചത്. അന്ന് സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധനകൾ നടത്തി. കുറച്ച് ഹോട്ടലുകളെ  പൂട്ടിച്ചു. അത് അവിടെ കഴിഞ്ഞു.അൽഫാം കഴിച്ച് കോട്ടയത്ത് നഴ്സ് മരിച്ച‌ു.വീണ്ടും സംസ്ഥാനവ്യാപകമായി പരിശോധന .ഏറ്റവുമൊടുവിൽ ഇന്നത്തേത്..കാസർകോട് കുഴിമന്തി കഴിച്ച് 19 വയസ്സുകാരി മരിച്ചു..

പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പും സർക്കാരും..ദുരന്തം സംഭവിക്കുമ്പോൾ മാത്രം നടത്തേണ്ടതാണോ ഈ പരിശോധനകൾ? പൊതുസമൂഹം നിരന്തരം ചോദിക്കുന്ന എന്നാൽ ഇതുവരെയും ഉത്തരം കിട്ടാത്ത ഒന്നായി അവശേഷിക്കുന്ന ചോദ്യം. തിരുവനന്തുപുരത്തെ ബുഹാരി ഹോട്ടൽ, അവർക്ക് എത്ര തവണ നോട്ടീസ് ലഭിച്ചെന്ന് ഒരുപക്ഷെ ഭക്ഷ്യസുരക്ഷാ വകുപ്പിന് പോലും കണക്കുകൾ ഉണ്ടാകില്ല. ബുഹാരി ഹോട്ടൽ ഒരു ഉദാഹരണം മാത്രം.ഇത് പോലെ എത്രയെത്ര ഹോട്ടലുകൾ.അതുകൊണ്ടാണ് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടക്കുന്ന പരിശോധനകൾ പ്രഹസനമെന്ന് പറയുന്നത്.

ഈ പരിശോധനകൾക്ക് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഏറെ നാളുകളായി ഉള്ളതാണ്. എല്ലാ കാര്യത്തിലും നമ്പർ വൺ എന്ന അവകാശവാദം ഉന്നയിക്കുന്ന കേരളം പോലൊരു സംസ്ഥാനം ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ കാണിക്കുന്ന അലംഭാവം നാണക്കേടാണെന്നാണ് ജനങ്ങൾ പറയുന്നത്. 2022 ജൂലെ മുതൽ ഡിസംബർ വരെ അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയതെന്നും മുൻ കാലങ്ങളെ വച്ച് നോക്കുമ്പോൾ പരിശോധനകൾ വർധിച്ചെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്.പരിശോധനകൾ കൂടുതൽ കർശനമാക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ്സ് രൂപീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

നല്ല ഭക്ഷണം നാടിന്റെ അവകാശം, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി എന്നിങ്ങനെ തുടങ്ങി നിരവധി പരിശോധനകൾ നടത്തുന്നെങ്കിലും ഇതിനൊക്കെ എന്തെങ്കിലും ഫലം കിട്ടുന്നുണ്ടോ എന്നുള്ളതിലാണ് സംശയം. കുറ്റപ്പെടുത്തുന്നത് സർക്കാരിനെ മാത്രമല്ല. ഹോട്ടലിൽ വരുന്നവർക്ക് നല്ല ഭക്ഷണം നൽകണമെന്ന സാമാന്യബോധം ഉടമകൾക്ക് ഉണ്ടാകണം. വീഴ്ച വരുത്തിയാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന വിചാരവും ഉണ്ടാകണം. നിയമങ്ങൾ ദുർബലമായതാണ് ഇവരൊക്കെ സ്വൈര്യവിഹാരം നടത്തുന്നത്.

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോരിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം  ഭക്ഷ്യസുരക്ഷാ പരിശോധനയിൽ  70 പോയിന്റ്  ഉണ്ടായിരുന്ന കേരളത്തിന് ഈ വർഷം ലഭിച്ചത് 57 ആണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലും സംസ്ഥാനത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം.ദേവനന്ദ, രശ്മി, അഞ്ചുശ്രീ  ഇവർക്ക് പിന്നാലെ ആരും ഉണ്ടാകാതിരിക്കാൻ....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News