കോട്ടയം: വനിതാ ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. ദീർഘനാളായ അസുഖങ്ങളെ തുടർന്ന് മേരി റോയ് ചികിത്സയിലായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയാണ് മേരി റോയ്. ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത് മേരി റോയ് ആണ്. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്.
1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസം ചെയ്തു. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്നാണ് മേരി റോയ് ബിരുദം നേടിയത്. കൊൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവെയാണ് മേരി റോയ് ബംഗാളിയായ രാജീബ് റോയിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും വിവാഹം ചെയ്തു. പിന്നീട് കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടിൽ താമസമാക്കി.
പിതാവിന്റെ ആ വീടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് മേരി റോയിയെ കോടതിയിലെത്തിച്ചത്. നിയമപോരാട്ടത്തിനൊടുവിൽ 1916ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിക്കുകയായിരുന്നു. കേസിലൂടെ സ്വന്തമാക്കിയ വീട് പിന്നീട് സഹോദരനുതന്നെ തിരിച്ചുനൽകി. സഹോദരന് എതിരെയല്ല താൻ കോടതിയിൽ പോയതെന്നും നീതി തേടിയാണെന്നുമായിരുന്നു മേരി റോയിയുടെ നിലപാട്. മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കി.
1967ലാണ് കോട്ടയത്ത് കോർപസ് ക്രിസ്റ്റി എന്ന സ്കൂൾ സ്ഥാപിക്കുന്നത്. ഇതാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പ്രശസ്ത വാസ്തുശിൽപി ലാറി ബേക്കറാണ് സ്കൂൾകെട്ടിടം രൂപകൽപന ചെയ്തത്. സ്കൂൾ ഇന്ന് വളരെ പ്രശസ്തമാണ്. ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അമ്മയ്ക്കാണ് അരുന്ധതി റോയ് സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...