തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന കേരള പോലീസിന്റെ പേരിലുള്ള് സന്ദേശം വ്യാജം. സംസ്ഥാന പോലീസിന്റെ ലോഗോ പതിപ്പിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് സന്ദേശം എന്ന രൂപേണ സമൂഹമാധ്യമയങ്ങളിൽ വ്യാപകമായി പങ്കുവച്ച് പോസ്റ്റ് വ്യാജമാണെന്ന് കേരള പോലീസ് അറിയിച്ചു. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായിട്ടാണ് 'പ്രൊട്ടക്ഷൻ ടീം ജനമൈത്രി പോലീസ്' പങ്കുവക്കുന്ന സന്ദേശമെന്ന പേരിൽ പ്രചരിച്ചത്.
"'രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന രീതിയിൽ പല സ്കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല" കേരള പോലീസ് അറിയിച്ചു.
ALSO READ : കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്സൈറ്റും ശ്രദ്ധിക്കുക.
ബസ് സ്റ്റാൻഡിൽ ലഹിര മാഫിയകൾ ഉള്ളതിനാൽ മാതാപിതാക്കൾ കുട്ടികൾ അറിയാതെ അവരെ പിന്തുടർന്ന് അവിടം സന്ദർശിക്കണമെന്നാണ് വ്യാജ സന്ദേശ പോസ്റ്റിൽ പറയുന്നത്. ഏഴ് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെ ലക്ഷ്യംവെച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നത്. നിരവധി പെൺകുട്ടികൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്ന് വ്യാജ പോസ്റ്റിൽ അവകാശപ്പെടുന്നു.
ഇത് സംസ്ഥാന പോലീസിന്റെ പേരിൽ പോസ്റ്റിൽ വ്യാപകമായി ഈ പോസ്റ്റ് പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കേരള പോലീസ് വ്യാജ സന്ദേശത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.
കേരള പോലീസ് മുന്നോട്ട് വക്കുന്നു നിർദേശങ്ങൾ
-കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!
- കുട്ടികൾ രാവിലെ കൃത്യമായി സ്കൂളിൽ എത്തുകയും സ്കൂൾ വിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുക.
- അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക.
- കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ 'ചിരി' കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.
- കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്സൈറ്റും ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.