P M Arsho: ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; സൈബർ ആക്രമണമെന്ന പരാതിയുമായി അധ്യാപകൻ

 Police registered case on complaint of maharajas college teacher: മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാണിച്ച്  ആര്‍ഷോ നല്‍കിയ പരാതിയില്‍ വിനോദ് കുമാറിനെതിരേ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. 

Last Updated : Jun 16, 2023, 01:19 PM IST
  • എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പ്രതിയായ വ്യാജരേഖാ കേസില്‍ ഏതെങ്കിലും എസ്.എഫ്.ഐ പ്രവർ‍ത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കഴിഞ്ഞ ദിവസം പറഞ്ഞു.
  • എന്നാൽ ഈ വിവരം നേരത്തെ അറിഞ്ഞിട്ടും അധ്യാപകര്‍ അത് പരിഹരിക്കാന്‍ വേണ്ടിയല്ല ഇടപെട്ടത്.
P M Arsho: ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; സൈബർ ആക്രമണമെന്ന പരാതിയുമായി അധ്യാപകൻ

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദം നിലനിൽക്കേ തനിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി മഹാരാജാസ് കോളേജിലെ അധ്യാപകന്‍. കോളേജിലെ ആര്‍ക്കിയോളജി വിഭാഗത്തിന്റെ ചുമതലയുള്ള അധ്യാപകനായ വിനോദകുമാറാണ് പരാതി നൽകിയത്.

സംഭവത്തിൽ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മാര്‍ക്ക് ലിസ്റ്റ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാണിച്ച് നേരത്തെ ആര്‍ഷോ നല്‍കിയ പരാതിയില്‍ വിനോദ് കുമാറിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സൈബര്‍ ആക്രമണം ചൂണ്ടിക്കാണിച്ച് വിനോദ് കുമാര്‍ കൊച്ചി കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്.

പരാതി പിന്നീട് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി ഉയരുന്നുവെന്നും തന്നെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ടെന്നുമാണ് പരാതിയില്‍ അധ്യാപകൻ ചൂണ്ടി കാണിക്കുന്നത്. 

ALSO READ: മാട്ടുപ്പെട്ടി റോഡിൽ മുറിവാലൻ ഇറങ്ങി; വാഹനങ്ങളെ ആക്രമിക്കാൻ ശ്രമം

എസ്.എഫ്.ഐ. മുന്‍ നേതാവ് കെ. വിദ്യ പ്രതിയായ വ്യാജരേഖാ കേസില്‍ ഏതെങ്കിലും എസ്.എഫ്.ഐ പ്രവർ‍ത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് എസ്.എഫ്.ഐ.സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ കഴിഞ്ഞ ദിവസം പറഞ്ഞു. താനുമായി ബന്ധപ്പെട്ട മാര്‍ക്ക് ലിസ്റ്റിലെ പിഴവ് നേരത്തേയറിഞ്ഞിരുന്നില്ല എന്നും. എന്നാൽ ഈ വിവരം നേരത്തെ അറിഞ്ഞിട്ടും അധ്യാപകര്‍ അത്  പരിഹരിക്കാന്‍ വേണ്ടിയല്ല ഇടപെട്ടത്. ആ സാഹചര്യത്തിലാണ് താൻ പരാതി നൽകിയത്. അല്ലാതെ മറ്റെന്ത് ചെയ്യണമെന്നും ആർഷോ ചോദിച്ചു.

 മാര്‍ച്ചില്‍ റിസള്‍ട്ട് വന്ന് മൂന്നാമത്തേയോ നാലാമത്തേയോ ദിവസം താൻ രേഖാമൂലമുള്ള പരാതി അധ്യാപകന് നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ എടുത്തിട്ടും അത് മാറ്റാന്‍ തയാറായില്ല. ഇതിന് പിന്നില്‍ എന്ത് എന്നുള്ളതാണ് അറിയേണ്ടത്. ഡിപ്പാര്‍ട്‌മെന്റ് കോഓര്‍ഡിനേറ്റര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും അത് പ്രിന്‍സിപ്പലിന് കൈമാറണം. അതുണ്ടായോ?', ആര്‍ഷോ ചോദിച്ചു. കൂടാതെ കേസുമായി ബന്ധപ്പെട്ട് ചില വിശദാംശങ്ങളും തന്റെ കൈയിലുള്ള ഡിജിറ്റല്‍ രേഖകളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ആര്‍ഷോ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം എസ്.എഫ്.ഐ. മുന്‍ നേതാവ് കെ വിദ്യ ജോലിക്കായി വ്യാജരേഖ സമര്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താൻ ഇതുവരെ  പോലീസിന് സാധിച്ചിട്ടില്ല. ആ സാഹചര്യത്തിൽ അന്വേഷണ സം​​ഘത്തെ വിപുലീകരിച്ചു. സംഘത്തിൽ സൈബർസെൽ വിദ​ഗ്ദരെ കൂടി ഉൾപ്പെടുത്തി. അഗളി സി.ഐയുടെ നേതൃത്വത്തില്‍ ചെറുപ്പുളശ്ശേരി, പുതൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം.

കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച പത്തിരിപ്പാല കോളേജിലെത്തി അന്വേഷണ സംഘം പരിശോധന നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്. 2020-2021 അധ്യായന വർഷത്തിൽ ഈ കോളേജിൽ  വിദ്യ പഠിപ്പിച്ചിരുന്നു. ആ സമയത്ത് അവിടെ ജോലിക്കു വേണ്ടി അപേക്ഷ നൽകിയപ്പോൾ ഏതെല്ലാം സർട്ടിഫിക്കറ്റുകൾ ആണ് സമർപ്പിച്ചതെന്ന് അറിയാനാണ് പരിശോധന നടത്തുന്നത്. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പത്തിരിപ്പാല കോളേജിൽ പ്രവൃത്തി പരിചയം ഇല്ലെന്ന ബയോ‍‍ഡാറ്റയാണ് സമർപ്പിച്ചതെന്നാണ് ലഭിക്കുന്ന സൂചന. ഇക്കാര്യത്തെക്കുറിച്ച് പോലീസ് പരിശോധിക്കും. 

ഇതിനുപുറമേ ജൂണ്‍ രണ്ടിന് അട്ടപ്പാടി കേളേജില്‍ വിദ്യ അഭിമുഖത്തിനെത്തിയത് മണ്ണാര്‍ക്കാട് രജിസ്‌ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാറിലാണെന്ന്‌ പോലീസിന് വ്യക്തത ലഭിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഈ കാര്‍ കണ്ടെത്താനും ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് നൽകുന്ന സൂചന. വിദ്യയുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News