കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരിയുടെ തുറന്ന് പറച്ചിലിലാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. തികച്ചും പ്രാദേശികമായ വിഷയമാണ്. അതിനോട് സി.പി.എമ്മിന് പ്രതികരിക്കേണ്ട കാര്യമില്ല. ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ഷുഹൈബിനെ കൊല്ലാൻ പാർട്ടി ആഹ്വാനം ചെയ്തിട്ടില്ല. ക്രിമിനൽ സംഘത്തിൽ പെടുന്ന ആകാശ് അല്ല ഇത് പറയേണ്ടത്. ഏത് വിഷയവും കൈകാര്യം ചെയ്യാൻ പാർട്ടിക്ക് അറിയാം. സ്ത്രീത്വത്തെ അപമാനിച്ച ആകാശിനെ പോലീസ് പിടികൂടുമെന്നും ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ്. സിബിഐ വരുന്നതിനോട് എതിർപ്പില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Forest Fire: പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ, 50 ഏക്കർ കത്തിനശിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന സൂചന നൽകി കൊണ്ടുള്ള ഫേസ്ബുക്ക് കമന്റിലൂടെയാണ് ആകാശ് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും അത് നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും പുറത്തുവന്ന പ്രതികരണത്തില്‍ പറയുന്നു. പല ആഹ്വാനങ്ങളും നൽകുമെന്നും എന്നാൽ കേസ് വരുമ്പോൾ തിരിഞ്ഞു നോക്കില്ലെന്നും കമന്റിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...