A Vijayaraghavan : ദേശീയതലത്തിൽ കോൺഗ്രസിന് അധഃപതനം; വർഗീയ ശക്തികളും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് എ.വിജയരാഘവൻ

ജഹാംഗീർപുരിയിൽ നടന്ന സംഭവത്തെക്കുറിച്ച് കോൺഗ്രസിന് മൗനമാണ്. ബുൾഡോസർ പ്രതിഷേധത്തെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ലെന്നും വിജയരാഘവൻ വിമർശിച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 03:54 PM IST
  • വർഗീയ ശക്തികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
  • കൂടാതെ എസ്ഡിപിഐക്കും ആർഎസ്എസ്സിനുമെതിരെയും വിജയരാഘവൻ വിമർശനമുന്നയിച്ചു.
  • വർഗീയ ശക്തികളും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും സിപിഎമ്മിന്റെ പിബി അംഗം കുറ്റപ്പെടുത്തി.
A Vijayaraghavan : ദേശീയതലത്തിൽ കോൺഗ്രസിന് അധഃപതനം; വർഗീയ ശക്തികളും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് എ.വിജയരാഘവൻ

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളിൽ അപകടമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം പി.ബി അംഗം എ.വിജയരാഘവൻ. വർഗീയ ചേരിതിരിവുകളെ ശക്തമായി  ചെറുക്കും. സർക്കാർ ജാഗ്രതയോടെയാണ് പെരുമാറുന്നത്. വർഗീയ ശക്തികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. കൂടാതെ എസ്ഡിപിഐക്കും ആർഎസ്എസ്സിനുമെതിരെയും വിജയരാഘവൻ വിമർശനമുന്നയിച്ചു. വർഗീയ ശക്തികളും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും സിപിഎമ്മിന്റെ പിബി അംഗം കുറ്റപ്പെടുത്തി.

സിപിഎം പി.ബി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിലാണ് വിജയരാഘവൻ നിലപാട് വ്യക്തമാക്കിയത്. ജഹാംഗീർപുരിയിൽ നടന്ന സംഭവത്തെക്കുറിച്ച് കോൺഗ്രസിന് മൗനമാണ്. ബുൾഡോസർ പ്രതിഷേധത്തെ കോൺഗ്രസ് ഗൗരവമായി കാണുന്നില്ലെന്നും വിജയരാഘവൻ വിമർശിച്ചു. ദേശീയതലത്തിൽ സീറ്റുകൾ വർധിപ്പിച്ച് മുന്നോട്ടു പോകാമെന്ന ആഗ്രഹമാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ് ദേശീയ തലത്തിൽ അധഃപതിക്കുന്ന കാഴ്ചകളാണ് കാണുന്നതെന്നും സിപിഎം നേതാവ് ചൂണ്ടിക്കാട്ടി.

ALSO READ : കോടിയേരി ബാലകൃഷ്ണൻ വീണ്ടും ചികിത്സക്കായി അമേരിക്കയിലേക്ക്; കോടിയേരി പോകുന്നത് മുഖ്യമന്ത്രിക്ക് പിന്നാലെ

സിപിഎം വിരോധമാണ് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസിന്റേത് അപകടകരമായ രാഷ്ട്രീയമാണെന്നും ജനങ്ങൾ ഇടതുമുന്നണിക്കൊപ്പമാണ്. കെ -റെയിൽ  സമരത്തിൽ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്. വികസനമാണ് ഇടതുമുന്നണിയെ മുന്നോട്ട് നയിക്കുന്നത്. വികസനവിരോധികൾ വികസനത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും വിജയരാഘവൻ വ്യക്തമാക്കി.

ലീഗിനോടുള്ള സിപിഎമ്മിന്റെ സമീപനം സുവ്യക്തമാണ്. വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതില്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ല എന്ന് യുഡിഎഫിൽ നിന്ന് മാറിയാൽ ലീഗിന് ഇടതുപക്ഷത്തേക്ക് വരാമെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയോട് മറുപടിയായി വിജയരാഘവൻ പറഞ്ഞു.

ALSO READ : ഇഫ്താർ വിരുന്നിൽ കെവി തോമസിന് സതീശന്റെ മറുപടി! യുഡിഎഫിനെ കുറിച്ച് ജയരാജന് ആവലാതി വേണ്ടെന്നും...

പി ശശിക്ക് നൽകിയ ചുമതലകൾ പാർട്ടി ചർച്ച ചെയ്താണ് തീരുമാനിച്ചത്. ഏകകണ്ംമായിട്ടാണ് ഇക്കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനമെടുത്തത്. മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കാനാണ് പി ജയരാജന്റെ വിമർശനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പറയുന്നതെന്ന് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമച്ചതിൽ വിജയരാഘവൻ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുമ്പോൾ ചുമതല മറ്റാർക്കെങ്കിലും നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത് സംബന്ധിച്ച് പാർട്ടി അഭിപ്രായം പറയുമെന്നായിരുന്നു പ്രതികരണം. സിൽവർലൈൻ കല്ലിടലിനെതിരെ കഴക്കൂട്ടം അണ്ടൂർക്കോണത്ത് നടന്ന പ്രതിഷേധത്തിലും വിജയരാഘവൻ പ്രതികരിച്ചു. സിൽവർലൈനിൽ ജനങ്ങളെ മനസ്സിലാക്കി മുന്നോട്ട് പോകും. ഒരു വിഭാഗം മാധ്യമങ്ങൾ വികസനം തടയാൻ ശ്രമം നടത്തുന്നു. യുഡിഎഫ് ഉൾപ്പടെ നടത്തുന്ന സമരത്തിന് ചില മാധ്യമങ്ങൾ പിന്തുണ നൽകുന്നു. അത്തരം പ്രചാരവേലകളെ ജനങ്ങൾ തള്ളിക്കളയുമെന്നും പി.ബി.അംഗം പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News