തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിഷയത്തിൽ കേന്ദ്രസർക്കാർ നടപടിയ്ക്ക് എതിരെ വിമർശനവുമായി സിപിഎം. രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണ് കേന്ദ്രസർക്കാർ നടപടിയെന്ന് സിപിഎം വിമർശിച്ചു. കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്‌ക്കുന്ന ആഗോളവത്‌ക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെയ്‌ക്കുന്നതെന്നും ബിജെപി നേതാക്കളുടെ കൊടിയ പകയ്‌ക്ക് കേരളം ഇടയാകുന്നതിന് കാരണം ഇതാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.
ജോൺ ബ്രിട്ടാസ് എംപിക്ക് എതിരായ കേന്ദ്രസർക്കാർ നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകത്തിൽ നടത്തിയ കേരളത്തിനെതിരായ പരാമർശം ലേഖനത്തിൽ പരാമർശിച്ചു എന്നതിന്റെ പേരിലാണ് ജോൺ ബ്രിട്ടാസ് എംപിയെ രാജ്യസഭ അദ്ധ്യക്ഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്. 'കേരളം നിങ്ങളുടെ അടുത്തുണ്ട്, ഞാൻ കൂടുതൽ പറയുന്നില്ല' തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തതാണ്. ഈ കാര്യം ലേഖനത്തിൽ പറഞ്ഞു എന്നതിന്റെ പേരിലാണ് രാജ്യസഭാ അദ്ധ്യക്ഷൻ വിശദീകണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: 'കേരള സ്റ്റോറി' പ്രൊപഗാണ്ട സിനിമ; സംഘപരിവാറിൻറെ ലക്ഷ്യം തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി
അമിത്‌ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോടു ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്‌ക്കുന്ന ആഗോളവത്‌ക്കരണ നയങ്ങൾക്ക് ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടു വെയ്‌ക്കുന്നത്. ബിജെപി നേതാക്കളുടെ കൊടിയ പകയ്‌ക്ക് കേരളം ഇടയാകുന്നതിന് കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകൾ പോലും പടച്ചുവിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു നീക്കം നടന്നുകൊണ്ടിരിക്കുന്നത്.
ബിജെപി മുന്നോട്ടു വെയ്‌ക്കുന്ന വർഗ്ഗീയ അജണ്ടയ്‌ക്കും കേരളത്തിനോടുള്ള അവഗണനയ്‌ക്കും എതിരായി ശക്തമായി പോരാടുന്ന രാജ്യസഭാ അംഗമാണ് ജോൺ ബ്രിട്ടാസ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 അഭിപ്രായ പ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നുമാണിത്. ഇതുപോലും വിസ്‌മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട് അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...