കണ്ണൂർ : കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ സിപിഎമ്മിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ ദേശീയ തലത്തിലെ അംഗത്വത്തിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ സിപിഎമ്മിന് ആകെ 10,25,352 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഈ പാര്‍ട്ടി കോണ്‍ഗ്രസിലേക്കെത്തുമ്പോള്‍ അത് 9,85,757 അംഗങ്ങളായി കുറഞ്ഞു.
രാജ്യത്താകെയുള്ള അംഗത്വത്തിൽ പകുതിയിലേറെയും കേരളത്തിലാണെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ പശ്ചിമ ബംഗാളിൻറെ മൂന്നിരട്ടി അംഗങ്ങൾ ഉണ്ട്. സിപിഎം അംഗങ്ങളുടെ ആകെ എണ്ണത്തിൽ 5,27,174 പേർ കേരളത്തിൽ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു.
ചുവപ്പുകോട്ടയായിരുന്ന പശ്ചിമബംഗാളിൽ 2017-ൽ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതാണ് 1,60,827 ആയി കുറഞ്ഞത്. ത്രിപുരയിലും അംഗസംഖ്യ പകുതിയായി കുറഞ്ഞു. 2017-ൽ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോൾ 50,612 പേരേയുള്ളൂ.ആന്ധ്രാപ്രദേശിൽ കാൽലക്ഷമുണ്ടായിരുന്ന അംഗസംഖ്യ ഇപ്പോൾ 23,130 ആയും കർണാടകയിൽ 9190 ആയിരുന്നത് 8052 ആയും കുറഞ്ഞു.
തമിഴ്നാട്ടിൽ 2017-ൽ 93,780 ആയിരുന്നത് ഇപ്പോൾ 93,982 ആയി കൂടി.ബിഹാറിൽ 18,590 പേരായിരുന്നത് 19,400 ആയി കൂടി. ഹിമാചൽപ്രദേശിൽ 2016 പേരുള്ളത് 2205 ആയും വർധിച്ചു.കർഷകപ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ പഞ്ചാബിൽ അംഗ സഖ്യയിൽ വലിയ നേട്ടമുണ്ടാക്കാനായില്ല. രാജസ്ഥാനിൽ 2017-ൽ 4707 ആയിരുന്നത് 5218 ആയി കൂടിയെന്നും റിപ്പോർട്ട് വ്യക്തമാക്കി. 2017-ൽ 2023 പേരുണ്ടായിരുന്നത് ഇപ്പോൾ 2213 ആയി കൂടിയതാണ് ഡൽഹിയിലെ നാമമാത്ര വർധന.
തെലങ്കാനയില്‍ അംഗങ്ങളുടെ എണ്ണം കുറയുകയാണ് ചെയ്തത് 35,170ല്‍ നിന്ന് 32,177ആയാണ് കുറഞ്ഞത്. ഗുജറാത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് അംഗങ്ങളാണ് വര്‍ധിച്ചത്. 2017ല്‍ 3718 അംഗങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 3724ആയി മാറിയിട്ടുണ്ട്. 31 വയസിനു താഴെയുള്ളവരുടെ എണ്ണത്തിൽ കേരളത്തിൽ നേരിയ വർദ്ധനയുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.