സുപ്രീംകോടതിയുടെ ബഫർ സോൺ ഉത്തരവിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും വ്യാപാരികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജനകീയ പ്രതിഷേധം എങ്ങനെ വേണമെന്നതിൽ തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്. നഗരസഭ കൗൺസിൽ ഉത്തരവിനെതിരെ പ്രമേയം പാസാക്കിയേക്കും. ഈ മാസം 14 ന് ബത്തേരി നഗരസഭയിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള കോടതി വിധി നടപ്പിലായാൽ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബത്തേരി നഗരത്തെയാണ്.
സംരക്ഷിത വനത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പത്തനംതിട്ടയിൽ സമരം ശക്തമാകുകയാണ്. ഇതിനെ തുടർന്ന് ജില്ലയിലെ ഏഴ് വില്ലേജുകളിൽ ഇന്ന് ഹർത്താൽ പുരോഗമിക്കുകയാണ്. പെരുനാട്, വടശേരിക്കര, ചിറ്റാർ, തണ്ണിത്തോട്, അരുവാപ്പുലം, കൊല്ലമുള വില്ലേജുകളിലാണ് ഹർത്താൽ. ഏഴിടത്തും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായിരുന്നു.
പരിസ്ഥിതി ലോല മേഖലയിലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനുള്ള നിയമോപദേശം തേടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കി സംരക്ഷിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. പൊതുതാത്പര്യത്തിന് വേണ്ടിയാണെങ്കിൽ ദൂരപരിധിയിൽ ഇളവ് നൽകാമെന്നാണ് സുപ്രീംകോടതി പരാമർശം. ഇതിന്‍റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടോ എന്നായിരിക്കും സംസ്ഥാന സർക്കാർ പരിശോധിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...