ജ്യോതിഷത്തിൽ പുരോഗമനം കൊണ്ടുവരുന്നതിനെ എതിർക്കുന്നവരിൽ ഉന്നത പൊലീസുദ്യോഗസ്ഥരുമുണ്ടെന്ന് പ്രമുഖ ജ്യോത്സ്യൻ ഹരി പത്തനാപുരം. തനിക്ക് മന്ത്രവാദം ചെയ്താലെന്താ കുഴപ്പമെന്ന് ഒരിക്കൽ ചോദിച്ചത്, പിന്നീട് ഡിജിപി ആയി വിരമിച്ച പൊലീസുദ്യോഗസ്ഥനാണെന്നും ഹരി പത്തനാപുരം വെളിപ്പെടുത്തി. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ ഒരു കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കാണാനെത്തിയപ്പോഴാണ് ഇത്തരമൊരു ചോദ്യം നേരിടണ്ടിവന്നതെന്നും ഹരി പത്തനാപുരം പറഞ്ഞു.
ജ്യോതിഷം തെറ്റാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. ഈ മേഖലയെ ലക്ഷങ്ങളുടെ തട്ടിപ്പിനുളള വഴിയാക്കുന്ന തട്ടിപ്പുകാർക്ക് വഴിപ്പെടരുതെന്ന ഓർമ്മപ്പെടുത്തലാണ് താൻ വിശ്വാസികൾക്ക് നൽകുന്നത്. നിരന്തരമുളള തൻ്റെ പോരാട്ടം ഫലം കാണുന്നുണ്ടെന്നും ഹരി പത്തനാപുരം സീ മലയാളം ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Kerala Tourism : 'അദാനി വന്നത് നന്നായി'; കേരളാ ടുറിസത്തിന്റെ വളർച്ചയ്ക്ക് വേഗതകുറവ്: ഇ.എം നജീബ്
താൻ മാത്രമല്ല ഈ മേഖലയിൽ പുരോഗമനത്തിന് ശ്രമിക്കുന്നത്. പല ജ്യോത്സ്യന്മാരും അത് ചെയ്യുന്നുണ്ട്. ആശ്വാസം തേടി തങ്ങളുടെ അടുത്തെത്തുന്നവരെ ആശ്വസിപ്പിക്കുകയോ അന്ധവിശ്വാസങ്ങളിൽ നിന്ന് മോചിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്. അതിനു പകരം, ഇനിയും പലതും നേരിടേണ്ടിവരുമെന്നു പറഞ്ഞ് ഭയപ്പെടുത്തി ആ സാധുക്കളുടെ മനസ്സ് കൂടുതൽ തകർക്കുകയാണ്.
ലക്ഷങ്ങളുടെ പൂജയും മന്ത്രവാദവുമാണ് പ്രതിവിധിയായി ചൂണ്ടിക്കാട്ടുന്നത്. ഭയന്നുപോകുന്ന മനുഷ്യർ വീടുവിറ്റോ വായ്പയെടുത്തോ പൂജയും മന്ത്രവാദവും നടത്തി, വരാനിരിക്കുന്ന ആപത്തുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടുന്ന തന്നെപ്പോലെയുളളവർക്കെതിരെ കൂട്ട ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടത്തുന്നത്. വ്യക്തിപരമായ അപവാദപ്രചരണങ്ങൾ വേറെയും. മാഫിയ പോലെയാണ് ഈ സംഘം പ്രവർത്തിക്കുന്നത്.
ഇലന്തൂരിൽ നരബലി നടന്നതായി പറയുന്നതുപോലെയുളള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസും സർക്കാർ സംവിധാനങ്ങളും ഉണരുക. അതേസമയം താൻ എത്രയോ വർഷങ്ങളായി ഇതിനെതിരെ യുദ്ധം ചെയ്യുകയാണ്. ജ്യോതിഷം വിശാസികൾക്കുളളതാണ്. വിശ്വാസത്തിൻ്റെ ഇടം ദുരുപയോഗം ചെയ്യപ്പെടാൻ എളുപ്പമാണ്. അതാണ് ഇവിടെ സംഭവിക്കുന്നത്.
സി രവിചന്ദ്രനെയും ജബ്ബാർ മാഷിനെയും പോലുളളവർ വിശ്വാസികളല്ലാത്തതുകൊണ്ടാണ് അവർക്ക് വിശ്വാസികളെ കാര്യമായി സ്വാധീനിക്കാൻ കഴിയാത്തത്. വിശ്വാസികൾക്കിടയിൽ നിന്നു തന്നെയാണ് ജ്യോതിഷത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരായ ബോധവത്കരണം ഉണ്ടാകേണ്ടത്. അതിന് സർക്കാർ മുൻകൈയെടുക്കണമെന്നും ഹരി പത്തനാപുരം പറഞ്ഞു. സിനിമാ നടന്മാർ ഉൾപ്പെടെ പല പ്രമുഖരും അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരാണ്. കൂടുപാത്രം പോലെയുളള അന്ധവിശ്വാസങ്ങളിൽ തട്ടിവീഴുന്ന സാധാരണ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ.
താൻ ജ്യോതിഷത്തിനെതിരാണെന്നും അവിശാസിയാണെന്നുമാണ് ചിലരുടെ പ്രചാരണം. അങ്ങനെയുളള താൻ എന്തിനാണ് ജോത്സ്യനായി തുടരുന്നതെന്നാണ് ചോദ്യം. ഇത് തൻ്റെ കുലത്തൊഴിലാണ്. ഇത് വഴിവിട്ടു പണമുണ്ടാക്കാനുളള ഉപാധിയല്ല. പിതാവിൻ്റെ ആഗ്രഹപ്രകാരമാണ് ഈ മേഖലയിൽ തുടരുന്നത്. കളളനാണയങ്ങളെ ചൂണ്ടിക്കാട്ടും.ഭീഷണികൾക്കും സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കും തന്നെ ഭയപ്പെടുത്താനാവില്ലെന്നും ഹരി പത്തനാപുരം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...