സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് ജാമ്യം നൽകിയിരിക്കുന്നത്. ആകാശ് തില്ലങ്കേരി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. ആകാശ് തില്ലങ്കേരിയെ കൂടാതെ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും ഇന്ന് ഉച്ചയോടെയാണ് കണ്ണൂരിൽ പിടിയിലായത്.
മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ ആകാശ് തില്ലങ്കേരി തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പോലീസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ALSO READ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ
സമൂഹ മാധ്യമത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്പോര് നടക്കുന്നതിനിടെയാണ് പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന തരത്തിൽ ആകാശ് തില്ലങ്കേരി പോസ്റ്റിട്ടത്. മുഴക്കുന്ന് സിഐ രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ആണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഷുഹൈബ് വധക്കേസിലെ ആകാശ് തില്ലങ്കേരിയുടെ തുറന്ന് പറച്ചിലിലാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. തികച്ചും പ്രാദേശികമായ വിഷയമാണ്. അതിനോട് സി.പി.എമ്മിന് പ്രതികരിക്കേണ്ട കാര്യമില്ല. ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഷുഹൈബിനെ കൊല്ലാൻ പാർട്ടി ആഹ്വാനം ചെയ്തിട്ടില്ല. ക്രിമിനൽ സംഘത്തിൽ പെടുന്ന ആകാശ് അല്ല ഇത് പറയേണ്ടത്. ഏത് വിഷയവും കൈകാര്യം ചെയ്യാൻ പാർട്ടിക്ക് അറിയാം. സ്ത്രീത്വത്തെ അപമാനിച്ച ആകാശിനെ പോലീസ് പിടികൂടുമെന്നും ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന സൂചന നൽകി കൊണ്ടുള്ള ഫേസ്ബുക്ക് കമന്റിലൂടെയാണ് ആകാശ് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും അത് നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നും പുറത്തുവന്ന പ്രതികരണത്തില്‍ പറയുന്നു. പല ആഹ്വാനങ്ങളും നൽകുമെന്നും എന്നാൽ കേസ് വരുമ്പോൾ തിരിഞ്ഞു നോക്കില്ലെന്നും കമന്റിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...