നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. സമാന ആക്ഷേപവുമായി അതിജീവിതയും വിചാരണകോടതിയെ സമീപിച്ചിരിക്കുകയാണ്. ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു
സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് വാദം. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലാണെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു.
ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ സമയം നൽകി. കേസ് ഈ മാസം 11 ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായ ഹണി എം വർഗീസിനെ തന്നെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത തന്നെ മുന്നോട്ടു വന്നിരുന്നു.
ഇതിന് പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു. ഇതിന് പിന്നാലെ എറണാകുളം സി ബി ഐ കോടതി മൂന്നിൽ നിന്ന് കേസ് നടത്തിപ്പ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...