തൃശൂർ: കർക്കിടകം പിറന്നതോടെ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രസിദ്ധമായ ആനയൂട്ട് നടന്നു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഒടുവിൽ പ്രൗഢമായ ആനയൂട്ടിനാണ് വടക്കുംനാഥന്റെ മണ്ണ് സാക്ഷ്യം വഹിച്ചത്. 67 ആനകൾ ചടങ്ങിൽ പങ്കെടുത്തു.
തൃശൂർ പൂരത്തിന് ശേഷം വടക്കുംനാഥന്റെ മണ്ണിൽ ഏറ്റവും അധികം ആനകൾ പങ്കെടുക്കുന്ന ചടങ്ങാണ് കർക്കിടകം ഒന്നിന് നടക്കുന്ന ആനയൂട്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 67 ആനകളാണ് ഈ വർഷം ചടങ്ങിൽ പങ്കെടുത്തത്. കൊവിഡിനെ തുടർന്ന് 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൌഡമായി നടന്ന ആനയൂട്ട് ആനപ്രേമികളും ആഘോഷമാക്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ , എറണാകുളം ശിവകുമാർ ഉൾപ്പടെ ഏറെ ആരാധകരുള്ള ആനകൾ എത്തിയത് ആനയൂട്ടിന്റെ ആവേശം ഇരട്ടിയാക്കി. ഔഷധമരുന്നുകൾ ചേർത്ത ചോറുരുള, തണ്ണിമത്തൻ, കരിമ്പ് , പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവയാണ് ഇവിടെ എത്തുന്ന ആനകൾക്ക് നൽകുക.
കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ ചന്ദ്രശേഖരന് ക്ഷേത്രം മേൽശാന്തി ആദ്യ ഉരുള നൽകി. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ രാജൻ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവരും ആനയൂട്ടിൽ പങ്കെടുത്തു.
Read Also: വെള്ളമില്ല: കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി
വടക്കുംനാഥന്റെ ആനയൂട്ടിൽ പങ്കെടുത്താൽ ആ വർഷം മുഴുവൻ ആനകൾക്ക് ആയുർസൗഖ്യം ലഭിക്കും എന്നാണ് വിശ്വാസം. അത്കൊണ്ട് തന്നെ ഉടമകൾ സ്വന്തം ചിലവിലാണ് തങ്ങളുടെ ആനകളെ ഇവിടെ എത്തിക്കുന്നത്. ആനയൂട്ടോടെ കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് 30 ദിവസത്തെ . സുഖചികിത്സക്കും തുടക്കമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...