കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിമൂന്ന് വയസുകാരിയാണ് മരിച്ചത്. കണ്ണൂർ സ്വദേശി രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെയും മകൾ ദക്ഷിണ (13) ആണ് മരിച്ചത്. ഈ മാസം 12ന് ആണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.
തലവേദനയും ഛർദ്ദിയും ബാധിച്ച കുട്ടിയെ ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയിരുന്നു. ഈ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
എന്താണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ്?
നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ്വമായ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം). മലിനജലത്തിൽ നിന്നാണ് ഈ രോഗം മനുഷ്യരെ ബാധിക്കുന്നത്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ട് ആഴ്ചകൾക്കുള്ളിൽ മനുഷ്യരിൽ ലക്ഷണങ്ങൾ പ്രകടമാകും.
സാധാരണഗതിയിൽ ഏതെങ്കിലും തരത്തിലുള്ള ജലസ്രോതസ്സുകളിൽ നീന്തുമ്പോൾ മൂക്കിലൂടെയാണ് നെഗ്ലേരിയ ഫൗലേരി ശരീരത്തിൽ പ്രവേശിക്കുന്നത്. ഇവ മൂക്കു വഴി തലച്ചോറിൽ എത്തുകയും മസ്തിഷ്ക കോശങ്ങളെ നശിപ്പിച്ച് തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മലിന ജലാശയത്തിലോ ജലത്തിലോ മുങ്ങി കുളിക്കുന്നതും, ശുദ്ധമല്ലാത്ത വെള്ളത്തിൽ മുഖവും വായും കഴുകുന്നതും രോഗം വരാനുള്ള സാധ്യത വർധിപ്പിക്കും. മഴയെ തുടർന്ന് രൂപപ്പെടുന്ന നീർചാലുകളിൽ കുളിക്കുന്നതും രോഗം ബാധിക്കാൻ കാരണമാകും.
ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നീ മരുന്നുകളാണ് ഈ രോഗത്തിനെതിരെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ മരുന്നുകൾ നൈഗ്ലേരിയ ഫൗളറി അമീബയ്ക്കെതിരെ ഫലപ്രദമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം. മണത്തിലും രുചിയിലും ഉണ്ടാകുന്ന മാറ്റമാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണം. പിന്നീട് പനി, തലവേദന, ഛർദ്ദി, അപസ്മാരം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
അമീബിക് മസ്തിഷ്‌കജ്വരത്തിൽ നിന്ന് രക്ഷ നേടുന്നതെങ്ങനെ?
നിബന്ധനകള്‍ക്കനുസരിച്ച് സ്വിമ്മിംഗ് പൂളുകളിലെ വെള്ളം ഇടയ്ക്കിടെ മാറ്റണം. പൂളുകളിലെ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുന്നതും ഫലം ചെയ്യും. നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാതിരിക്കുക. നീന്തുന്ന സമയത്ത് മൂക്കിലേക്ക് ശക്തമായി വെള്ളം കയറാതിരിക്കുന്നതിനായി ശ്രദ്ധിക്കുക. നസ്യം പോലുള്ള ചികിത്സാ രീതികള്‍ ആവശ്യമായി വന്നാൽ ഇതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.