തിരുവനന്തപുരം: കാലവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ 12 പേര് മരിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്താകമാനം വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
പത്തനംതിട്ടയില്‍ നിന്നും കോട്ടയത്തും നിന്നുമായി 3 പേരെ കാണാതായിട്ടുണ്ട്. പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകനും കോട്ടയത്ത് മണിമലയാറ്റില്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന രണ്ടുപേരെയുമാണ് കാണാതായത്.
അടുത്ത വ്യാഴാഴ്ച വരെ സ്ഥിതി തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാവിലെ എട്ടുവരെ എറണാകുളത്ത് 23.2 സെന്റിമീറ്ററും മൂന്നാറിൽ 20.2 സെന്റിമീറ്ററും പീരുമേട്ടിൽ 19 സെന്റിമീറ്ററും മഴയാണു പെയ്തത്.
20 സെന്റിമീറ്ററിനു മുകളിലുള്ളതാണ് സാധാരണയായി തീവ്രമഴയായി കണക്കാക്കുന്നത്. ആകെ 229 വീടുകൾ തകർന്നു. 7500 വീടുകൾക്കു കേടുപറ്റി. 108 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു.
കുളങ്ങളും നദികളും തോടുകളും നിറഞ്ഞു കവിഞ്ഞതോടെ വീടുകളും വെള്ളത്തിനടിയിലായി. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 186 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 6065 കുടുംബങ്ങളില്‍ നിന്നായി 26833 പേര് ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.
വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കുട്ടനാട്ടില്‍ 525 ഏക്കറിലെ നെല്‍കൃഷി മടവീണ് നശിച്ചു. രണ്ട് കോടി രൂപയുടെ കൃഷിനാശമാണ് കുട്ടനാട്ടില്‍ മാത്രം കണക്കാക്കുന്നത്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തിലെ കനത്ത മഴയ്ക്ക് കാരണമായത്.
19ന് വീണ്ടും ന്യൂനമര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ മഴ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പ്ലസ് ടു വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും അവധിയാണ്. മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.