Amritpal Singh: ആരാണ് അമൃത്പാൽ സിംഗ്? എന്താണ് വാരിസ് പഞ്ചാബ് ദെ? കൂടുതൽ വിവരങ്ങൾ അറിയാം

Amritpal Singh profile: ഡൽഹി കലാപത്തിലെ പ്രതിയായ ദീപ് സിദ്ദുവിൻ്റെ മരണത്തിന് പിന്നാലെ വാരിസ് പഞ്ചാബ് ദെ എന്ന തീവ്ര സിഖ് സംഘടനയുടെ തലവനായത് അമൃത്പാൽ സിംഗായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 11:38 AM IST
  • ഖാലിസ്ഥാൻ അനുകൂല നേതാവായ അമൃത്പാൽ സിംഗിനെ പോലീസ് പിടികൂടിയെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
  • അമൃത്പാലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖാലിസ്ഥാൻ അനുകൂലികൾ വലിയ പ്രതിഷേധമാണ് നടത്തുന്നത്.
  • വിഘടനവാദി നേതാവായിരുന്ന ജർനയിൽ സിംഗ് ബിന്ദ്രൻവാലയുമായി അമൃത്പാലിന് രൂപസാദൃശ്യമുണ്ട്.
Amritpal Singh: ആരാണ് അമൃത്പാൽ സിംഗ്? എന്താണ് വാരിസ് പഞ്ചാബ് ദെ? കൂടുതൽ വിവരങ്ങൾ അറിയാം

സമീപകാലത്ത് വാർത്തകളിൽ ഏറ്റവും കൂടുതൽ ഇടംനേടിയ പേരാണ് അമൃത്പാൽ സിംഗ്. പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂല നേതാവായ അമൃത്പാൽ സിംഗിനെ പഞ്ചാബ് പോലീസ് പിടികൂടിയെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തുമുള്ള ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് വലിയ  പ്രതിഷേധമാണ് ഉയർന്നത്. 

വാരിസ് പഞ്ചാബ് ദെ എന്ന തീവ്ര സിഖ് സംഘടനയുടെ തലവനാണ് അമൃത്പാൽ സിംഗ്. സർക്കാരിനെതിരെ നിരന്തരം തുറന്ന വെല്ലുവിളികൾ നടത്തുന്ന അമൃത്പാൽ സിംഗിന് എപ്പോഴും ആയുധധാരികളായ ഒരു സംഘമാണ് സുരക്ഷ ഒരുക്കുന്നത്. വിഘടനവാദി നേതാവായിരുന്ന ജർനയിൽ സിംഗ് ബിന്ദ്രൻവാലയുമായുള്ള അമൃത്പാൽ സിംഗിൻറെ രൂപസാദൃശ്യവും ഏവരെയും ഞെട്ടിച്ചിരുന്നു. 

ALSO READ: ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിക്കെതിരായ പോസ്റ്ററുകൾ, 6 പേര്‍ അറസ്റ്റില്‍, നൂറിലധികം FIR

1984ൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലാണ് ബിന്ദ്രൻവാല കൊല്ലപ്പെട്ടത്. ബിന്ദ്രൻവാലയെ പിന്തുണയ്ക്കുന്ന ഒരു സംഘം ആളുകളാണ് വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി അമൃത്പാൽ സിംഗ് വിദേശത്താണുള്ളത്. വാരിസ് പഞ്ചാബ് ദേയുടെ മുൻ പ്രസിഡന്റ് ദീപ് സിദ്ദു റോഡ് അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് പുതിയ തലവനായി അമൃത്പാൽ സിംഗ് ചുമതലയേറ്റത്. മോഗ ജില്ലയിലെ ജർനയിൽ സിംഗ് ബിന്ദ്രൻവാലയുടെ ഗ്രാമത്തിലാണ് അമൃത്പാൽ സിംഗിനെ പുതിയ തലവനായി തിരഞ്ഞെടുക്കുന്ന ചടങ്ങുകൾ നടന്നത്.

ഡൽഹി കലാപത്തിലെ പ്രതിയായ ദീപ് സിദ്ദുവാണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സായുധ തീവ്രവാദികളുടെ കൂട്ടായ്മ രൂപീകരിച്ചത്. സിദ്ദു മരിച്ചതിനെ തുടർന്ന് നാല് മാസം മുമ്പാണ് അമൃത്‌സറിലെ ജന്ദുപൂർ ഖേര ഗ്രാമവാസിയായ അമൃത്‌പാലിനെ സംഘടനയുടെ പുതിയ തലവനായി നിയമിച്ചത്. ചുമതലയേറ്റതിന് പിന്നാലെ 'അടുത്ത യുദ്ധത്തിന്' തയ്യാറാകാൻ സിഖ് യുവാക്കളോട് അമൃത്പാൽ സിംഗ് ആഹ്വാനം ചെയ്തിരുന്നു.

2012ൽ കുടുംബത്തോടൊപ്പം ദുബായിലേക്ക് പോയ അമൃത്പാൽ 2022 ഓഗസ്റ്റിൽ പഞ്ചാബിലേക്ക് മടങ്ങിയെത്തി. അമൃത്പാലും അനുയായികളും തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് ആരോപിച്ച് വരീന്ദർ സിംഗ് എന്ന സിഖ് മതപ്രഭാഷകൻ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ അമൃത്പാൽ സിംഗ് ഉൾപ്പെടെ 25 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ അമൃത്പാലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  ആയുധധാരികളായ ആയിരക്കണക്കിന് വാരിസ് പഞ്ചാബ് ദേ പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. 

ബിന്ദ്രൻവാലയുമായി സാമ്യമുണ്ടെന്ന് മാത്രമല്ല അമൃത്പാലിൻറെ വസ്ത്ര ധാരണവും ബിന്ദ്രൻവാലയെപ്പോലെയാണ്. ബിന്ദ്രൻവാല രണ്ടാമൻ എന്നാണ് അമൃത്പാൽ അറിയപ്പെടുന്നത്. രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ അമൃത്പാൽ സിംഗ് എതിർത്തിരുന്നു. കർഷക സമരത്തിൽ ദീപ് സിദ്ദുവിനൊപ്പം അമൃത്പാൽ സിംഗ് പ്രതിഷേധക്കാരുടെ നിരയിൽ ഉണ്ടായിരുന്നു. തനിയ്ക്കൊപ്പം പഞ്ചാബിൽ താമസിക്കുന്ന ഒരു എൻആർഐ യുവതിയെയാണ് അമൃത്പാൽ സിംഗ് വിവാഹം കഴിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News