ന്യൂഡൽഹി: രണ്ട് ദിവസമായി രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന വാക്കാണ് ഖലിസ്ഥാൻ(Khalisthan). എന്താണിത് ആരാണ് ഖലിസ്ഥാനികൾ തുടങ്ങിയ ചോദ്യങ്ങളൊക്കെയും പലയിടത്തു നിന്നും ഉയർന്നു കേട്ടു. പേരിൽ നിന്ന് തന്നെ തുടങ്ങിയാൽ നിർമ്മലമായ ഭൂമി എന്ന അർഥം വരുന്ന പഞ്ചാബി വാക്കാണ് ഖലിസ്താൻ. ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകൻ സ്ഥാപിച്ച സംഘടനയാണ് ഖലിസ്താൻ പ്രസ്ഥാനം. 1984 പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഒാപ്പറേഷൻ ബ്ലൂസ്റ്റാറിൽ ഭിദ്രൻവാല കൊല്ലപ്പെട്ടെങ്കിലും ഖലിസ്ഥാൻ എന്ന ആശയം പിന്നീടുള്ള തലമുറകളിലേക്ക് പടർന്നിറങ്ങി.
സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം(ഖാലിസ്ഥാൻ) എന്നതാണ് സംഘടനയുടെ ലക്ഷ്യവും ആവശ്യവും. ഖലിസ്ഥാൻ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാർത്ഥികളുടെയും പിന്തുണ ലഭിച്ചു. സർക്കാരിന്റെ നേതൃത്വത്തിൽ ഖലിസ്ഥാനെ തകർത്തുവെന്ന് പറയുന്നുണ്ട് എങ്കിലും ഇതിന്റെ അലയൊലികൾ തുടർച്ചയായി പഞ്ചാബിൽ(punjab) പ്രത്യക്ഷപ്പെട്ടതോടെ രഹസ്യാന്വേഷണ വിഭാഗം ഒരു നിഗമനത്തിലെത്തി ചില വിഘടന വാദ ഗ്രൂപ്പുകൾ ഖലിസ്ഥാൻ പ്രസ്ഥാനത്തിനെ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നു. എങ്കിലും ഖലിസ്ഥാൻ പ്രസ്ഥാനം പൂർണമായും തുടച്ചുനീക്കപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗികമായ വിശദീകരണം. ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബി.കെ.ഐ), ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് (കെ.എസ്.എഫ്) എന്നിവയും ഖലിസ്ഥാൻ അനുകൂല സംഘടനകളാണ്.
സനാതന സിഖ്(sikh) മൂല്യങ്ങളിൽ അടിയുറച്ച് നിലനിൽക്കുന്ന ഒരു സമ്പ്രദായം പ്രചരിപ്പിക്കുകയും അത് നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു പ്രത്യേക രാഷ്ട്രംസ്ഥാപിക്കാനുള്ള യജ്ഞവുമായാണ് ഖലിസ്ഥാൻ പ്രസ്ഥാനം 1980കളിലും 90കളിലും പഞ്ചാബിൽ വൻ സ്വാധീനമായി വളർന്നത്.ഖലിസ്ഥാൻ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂണിൽ ഇന്ത്യൻ സൈന്യം സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ(operation Blue Star). 1984 ജൂൺ 5,6 തീയതികളിലാണ് സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.