New Delhi: മഹാരാഷ്ട്രയില്‍ തകര്‍പ്പന്‍ രാഷ്ട്രീയ ഭൂകമ്പം നടക്കുന്നതിനിടെ ഡല്‍ഹിയില്‍ അടുത്ത വെടിക്കെട്ടിന് തയ്യാറെടുത്ത് മോദി സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് (ജൂലൈ 3) വൈകിട്ട് 4 മണിക്ക് ആണ് യോഗം നടക്കുക.
Also Read: Union Cabinet: കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്ക് സാധ്യത, തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍
സുപ്രധാന യോഗം ഇന്ന് വൈകിട്ട് ചേരുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നേക്കുമെന്നും ചില നേതാക്കൾക്ക് പുതിയ ചുമതലകൾ ലഭിച്ചേക്കുമെന്നു തരത്തില്‍ സൂചനകള്‍ പുറത്തുവരുന്നുണ്ട്.
ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും. സെപ്റ്റംബറിൽ ജി-20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തെ കൺവൻഷൻ സെന്‍ററിൽ വൈകിട്ട് നാലിനാണ് ഈ യോഗം ചേരുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയില്‍ മോദി മന്ത്രിസഭയിലെ പുനഃസംഘടനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളിലാണ് ഇപ്പോള്‍ ഏവരുടെയും കണ്ണുകൾ.
മോദി മന്ത്രിസഭയിൽ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍. ഇതിന് മുന്നോടിയായി, കഴിഞ്ഞ കുറേ ദിവസങ്ങളായി തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ജൂൺ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, എന്നിവര്‍ പാർട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ മന്ത്രിസഭയിലെ പുനഃസംഘടനയും ബി.ജെ.പി സംഘടനാ മാറ്റവും സംബന്ധിച്ച ചര്‍ച്ച നടന്നതായാണ് സൂചനകള്‍. ഈ ഒരു സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കൂടാതെ, ഈ യോഗത്തിന് ശേഷം കേന്ദ്രമന്ത്രിസഭയിൽ പല സുപ്രധാന മാറ്റങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.
ഏത് നേതാക്കൾക്ക് വലിയ ഉത്തരവാദിത്തം ലഭിക്കും? അഭ്യൂഹങ്ങള്‍ എങ്ങിനെ?
കേന്ദ്രമന്ത്രി കിരൺ റിജിജുവിന്‍റെ മന്ത്രിസ്ഥാനം മാറിയതൊഴിച്ചാൽ കഴിഞ്ഞ 2 വർഷമായി മോദി മന്ത്രിസഭയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ വർഷം പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാൽ പല നേതാക്കൾക്കും വലിയ ഉത്തരവാദിത്തം ഏൽപ്പിക്കേണ്ടത് അനിവാര്യമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും അവശേഷിക്കാത്ത സാഹചര്യത്തില്‍ അവസാന വട്ട മുഖച്ഛായ മിനുക്കലിന് തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ചില മന്ത്രിമാർക്ക് പാർട്ടിയിൽ ഉന്നത സ്ഥാനവും പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾക്ക് മന്ത്രിസഭയില്‍ സ്ഥാനവും നൽകുമെന്നാണ് സൂചനകള്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഏത് മന്ത്രിയെ പുറത്താക്കും, പുതുതായി ആർക്കാണ് ചുമതല നല്‍കേണ്ടത് എന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. കേന്ദ്രമന്ത്രിസഭയ്‌ക്കൊപ്പം പാർട്ടിയിലും അഴിച്ചുപണി ഉടന്‍ ഉണ്ടാകും എന്നാണ് സൂചന.
പാർലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മന്ത്രിസഭാ പുന:സംഘടന ഉടന്‍ തന്നെ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ജൂലൈ 20 ന് ആരംഭിച്ച് ആഗസ്റ്റ് 20വരെ തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...