പൂനെ: നാസിക്കില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡിനെത്തുടര്‍ന്ന് സവോള വിലയില്‍ 35% ഇടിവ്.
കഴിഞ്ഞ രണ്ടു മാസങ്ങളായി രാജ്യത്ത് സവോള വില ഉയര്‍ന്നു തന്നെയാണ്. രാജ്യത്ത് ഏറ്റവുധികം സവോള ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകത്തില്‍ മഴക്കുറവിനെത്തുടര്‍ന്ന് ഉത്പാദനം തീരെ കുറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും കനത്തമഴയില്‍ കൃഷി നശിച്ചു. അതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള സവോളയെയാണ് രാജ്യം ആശ്രയിക്കുന്നത്.
ഈ സാഹചര്യത്തില്‍ നാസിക്കിലെ ലാസല്‍ഗാവ് വിപണിയായിരിക്കും സവോള വില നിര്‍ണയിക്കുക. സവോള വിലവര്‍ധനയ്ക്ക് പിന്നില്‍ വ്യാപാരികളും ചില കര്‍ഷകരും നടത്തിയ പൂഴ്ത്തിവെയ്പാണെന്നു മനസ്സിലാക്കിയ ആദായനികുതി വകുപ്പ് ബുധനാഴ്ച റെയ്ഡ് നടത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സവോള വിപണിയായ നാസിക്കിലെ ലാസല്‍ഗാവിലെ 25 ഇടങ്ങളിലായിരുന്നു റെയ്ഡ്. പ്രമുഖ സവോള വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
ഏഴ് പ്രമുഖ വ്യാപാരികളുടെ വീടുകള്‍, ഓഫീസ്, ഗോഡൗണ്‍ എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് നാസിക് ഓഫീസിലെ 120 ഓളം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ആദായനികുതി വകുപ്പിന് ലഭിച്ച സൂചനയെ തുടര്‍ന്നായിരുന്നു റെയ്ഡ്. വിപണിയില്‍ ലഭ്യത കുറച്ച് വില ഉയര്‍ത്താന്‍ സവോള പൂഴ്ത്തിവെയ്ക്കുന്നതായായിരുന്നു സൂചന.
റെയ്ഡിനെത്തുടര്‍ന്ന് സവോള വിലയില്‍ 35% ഇടിവ് ഉണ്ടായി. ബുധനാഴ്ച സവോളയ്ക്ക് ക്വിന്റലിന് 1,400 രൂപ ആയിരുന്നു ഇന്ന്‍ സവോള വില ക്വിന്റലിന് 900 രൂപയാണ്.
അതേസമയം, വിലയിടിവ് മൂലം ലാസല്‍ഗാവില്‍ ലേലം നടത്താന്‍ കര്‍ഷകര്‍ മടിക്കുകയാണ്.