ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകേഭേദമായ ഒമിക്രോൺ ബാധിച്ചിരുന്ന 73കാരൻ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഒമിക്രോൺ ബാധിച്ചയാൾ മരിച്ചത്. ഇദ്ദേഹത്തിന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒമിക്രോൺ ബാധയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഡിസംബർ 21നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നാല് ദിവസത്തിന് ശേഷം ഒമിക്രോൺ പോസിറ്റീവാണെന്ന് വ്യക്തമായി. പോസ്റ്റ് കോവിഡ് ന്യൂമോണിയയാണോ മരണ കാരണം എന്ന് സംശയിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
ALSO READ: Omicron | വൈറസിന്റെ റീ പ്രൊഡക്ഷൻ വാല്യു 1.22 ആയി; കോവിഡ് വ്യാപനത്തിൽ ആശങ്ക
മഹാരാഷ്ട്രയിലെ പിംപ്രി ജില്ലയിൽ ഒമിക്രോൺ പോസിറ്റീവായിരുന്ന 52കാരൻ മരിച്ചിരുന്നു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് ഇദ്ദേഹം മരിച്ചത്. മഹാരാഷ്ട്രയിൽ മരിച്ച വ്യക്തി അടുത്തിടെ നൈജീരിയയിൽ നിന്ന് എത്തിയതാണ്. പിംപ്രി ചിഞ്ച്‌വാഡിലെ (പൂനെ) വൈ ബി ചവാൻ ആശുപത്രിയിൽ വച്ചായിരുന്നു മരണം. വ്യാഴാഴ്ച അദ്ദേഹത്തിന് ഒമിക്രോൺ പോസിറ്റീവായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
അതേസമയം, രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഒമിക്രോൺ കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. 309 ആണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം. ഇതോടെ, രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 1,270 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. 16,764 പുതിയ കോവിഡ് കേസുകളും 220 മരണങ്ങളും രേഖപ്പെടുത്തി.
മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഒമിക്രോൺ വകഭേദം ബാധിച്ച 1,270 രോഗികളിൽ 374 പേർ രോഗമുക്തരായി. ഇതുവരെ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തിയ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 450 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി (320), കേരളം (109), ഗുജറാത്ത് (97) എന്നിവയാണ് ഒമിക്രോൺ കേസുകൾ ഉയർന്ന മറ്റ് സംസ്ഥാനങ്ങൾ.
രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകളിൽ വർധനവാണ് കാണിക്കുന്നത്. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 34,838,804 ആയി ഉയർന്നു. 91,361 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.36 ശതമാനം ആണ്.
ALSO READ: Maharashtra Covid 19 : മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നു
ഡൽഹിയിലും മുംബൈയിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അത്കൂടാതെ ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലും രോഗബാധ വൻ തോതിൽ പടരുന്നുണ്ട്. ഡൽഹിയിൽ ഒമിക്രോൺ കോവിഡ് വകഭേദം അതിവേഗത്തിലാണ് വ്യാപിക്കുന്നത്. സമൂഹവ്യാപനത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...