Bihar Floor Test: നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ബീഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജെഡിയു-എൻഡിഎ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. ശക്തമായ പിന്തുണ നേടിയ സർക്കാരിന് അനുകൂലമായി 129 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം, വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് ആർജെഡി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡിക്ക് കനത്ത തിരിച്ചടി നല്‍കി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി അവരുടെ 3 എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു. കൂടാതെ, മൂന്ന് രാഷ്ട്രീയ ജനതാദൾ (RLD) എംഎൽഎമാർ - ചേതൻ ആനന്ദ്, നീലം ദേവി, പ്രഹ്ലാദ് യാദവ് എന്നിവർ സംസ്ഥാന അസംബ്ലിയിൽ ദേശീയ ജനാധിപത്യ സഖ്യത്തിൽ (NDA) ചേര്‍ന്നിരുന്നു. ഈ ഘടകങ്ങള്‍ എല്ലാം നിതീഷ് കുമാര്‍ സര്‍ക്കാരിന് അനായാസം വിശ്വാസ വോട്ടെടുപ്പ് വിജയിക്കാന്‍ സഹായകമായി.
Also Read: Ashok Chavan: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്കെന്ന് സൂചന
ആദ്യം ഡപ്യൂട്ടി സ്പീക്കർ ശബ്ദവോട്ടെടുപ്പ് നടത്തിയെങ്കിലും ഭരണമുന്നണിയുടെ നിർദേശപ്രകാരം ഔപചാരികമായ വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചു. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയെ 129 വോട്ടുകൾ നല്‍കി അംഗങ്ങള്‍ ശക്തമായി പിന്തുണച്ചു. സഭയില്‍ നേടിയ ശക്തമായ പിന്തുണ നിലവിലെ ഭരണ ചട്ടക്കൂടിലെ സ്ഥിരതയും ആത്മവിശ്വാസവും ഉറപ്പാക്കുകയാണ്.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്പീക്കര്‍ അവധ് ബിഹാരി ചൗധരിക്ക് എതിരെ ബിഹാർ നിയമസഭ അവിശ്വാസ പ്രമേയം പാസാക്കി. ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകള്‍ക്ക് പാസായി. മഹാസഖ്യ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന അവധ് ബിഹാരി ചൗധരി സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
നിയമസഭയെ അഭിസംബോധന ചെയ്യവേ, നിതീഷ് കുമാർ തന്‍റെ മുൻ മഹാഗഡ് ബന്ധൻ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനെതിരെ രൂക്ഷമായി വിമർശിക്കുകയും അഴിമതി നടത്തിയതായി ആരോപിക്കുകയും ചെയ്തു. നിലവിലെ എൻഡിഎ സർക്കാർ ഈ നടപടികളെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിതീഷ് കുമാര്‍ സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതോടെ പരിഹാസവുമായി മുന്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് എത്തി. ഒമ്പത് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രംകുറിച്ച നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്ന് തേജസ്വി പറഞ്ഞു. ഒറ്റ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അപൂര്‍വ്വ സംഭവമാണ് ബീഹാറില്‍ സംഭവിച്ചിരിയ്ക്കുന്നത്, നിതീഷ് ഇനിയും മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് "ഗ്യാരണ്ടി" നല്‍കാന്‍ സാധിക്കുമോ? തേജസ്വി ചോദിച്ചു.
243 അംഗങ്ങളുള്ള സഭയില്‍ ജെഡിയുവിന് 45 എംഎൽഎമാരാണ് ഉള്ളത്. പ്രധാന സഖ്യ കക്ഷിയായ ബിജെപിയ്ക്ക് 79 ഉം ഹിന്ദുസ്ഥാനി അവാം മോർച്ച-സെക്കുലറിന് 4 ഉം എംഎൽഎമാരുമുണ്ട്. എൻഡിഎയ്ക്ക് ആകെ 128 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം 122 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.