ഇത് സമാധാനത്തിലേക്കുള്ള കൈവീശല്‍; നിര്‍മല സീതാരാമന്‍റെ അതിര്‍ത്തി സന്ദര്‍ശന ചിത്രം വൈറലായി

Last Updated : Oct 8, 2017, 02:14 PM IST
ഇത് സമാധാനത്തിലേക്കുള്ള കൈവീശല്‍; നിര്‍മല സീതാരാമന്‍റെ അതിര്‍ത്തി സന്ദര്‍ശന ചിത്രം വൈറലായി

ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശനത്തിനിടെ ചൈനീസ് പട്ടാളക്കാര്‍ക്ക് നേരെ കൈവീശി കാണിക്കുന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ ചിത്രം വൈറലായി. ഇന്നലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നാഥു-ലാ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു ചൈനീസ് പട്ടാളക്കാരെ പ്രതിരോധമന്ത്രി സൗഹൃദത്തോടെ അഭിവാദ്യം ചെയ്തത്. 

ട്വിറ്ററില്‍ നിര്‍മല സീതാരാമന്‍ തന്നെ ഈ ചിത്രം പങ്കു വച്ചിരുന്നു. ചൈനീസ് പട്ടാളക്കാരുടെ കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. 

 

സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് അതിര്‍ത്തിക്കപ്പുറം നില്‍ക്കുന്ന ചൈനീസ് പട്ടാളക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുന്നത്. അവിടെ നിന്നു കൊണ്ട് അവര്‍ മന്ത്രിയുടെ ചിത്രങ്ങളും എടുക്കുന്നുണ്ടായിരുന്നു. അവരെ പുഞ്ചിരിയോടെ നോക്കി അഭിവാദ്യം ചെയ്തുകൊണ്ട് കൈവീശിക്കാണിക്കുകയായിരുന്നു പ്രതിരോധമന്ത്രി. 

പ്രതിരോധമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് നിര്‍മല സീതാരാമന്‍ ഇന്ത്യ-ചൈന അതിര്‍ത്തിപ്രദേശമായ നാഥു-ലാ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്. അതിര്‍ത്തിയില്‍ സൗഹൃദാന്തരീക്ഷം വളരുന്നതിന്‍റെ സൂചനയായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്. 

 

 

അതേസമയം, സിക്കിമിലുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സുരക്ഷാസംവിധാനങ്ങള്‍ മന്ത്രി വിലയിരുത്തി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ സ്വീകരിച്ച സൈനികര്‍ക്ക് മധുരം വിതരണം ചെയ്താണ് മന്ത്രി മടങ്ങിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോക് ലം മേഖലയിലെ സന്ദര്‍ശനം നിര്‍മല സീതാരാമന്‍ റദ്ദു ചെയ്തു. 

Trending News