ന്യൂഡല്‍ഹി: ഇന്ത്യയുടെ 23ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറ ഇന്ന് ചുമതലയേല്‍ക്കും. ഒ.പി റാവത്ത് വിരമിച്ച ഒഴിവിലാണ് സുനില്‍ അറോറ അധികാരമേല്‍ക്കുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ഇന്നലെ വിരമിച്ചിരുന്നു.
കഴിഞ്ഞ 26നാണ് രാഷ്ട്രപതി രാനാഥ് കോവിന്ദ് സുനില്‍ അറോറയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായിരുന്നു സുനില്‍ അറോറ. 2017 അഗസ്റ്റ് 31 മുതല്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗമായിരുന്നു.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്‍റെ കീഴിലായിരിക്കും നടക്കുക. കൂടാതെ, ജമ്മു-കശ്മീർ, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വർഷമാണ് നടക്കുക.
രാജസ്ഥാനില്‍ വസുന്ധര രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഏറ്റവും വിശ്വസ്ത ഉദ്യോഗസ്ഥനുമായിരുന്നു സുനിൽ അറോറ.
കഴിഞ്ഞ വര്‍ഷം നസീം സെയ്ദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്നു വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അറോറ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തുന്നത്. രാജസ്ഥാന്‍ കേഡറില്‍നിന്നുള്ള 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അറോറ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് തലവനായിരുന്നു. ധനകാര്യം, ടെക്‌സ്‌റ്റൈല്‍, ആസൂത്രണ കമീഷന്‍ എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ച സുനില്‍ അറോറ ഇന്ത്യന്‍ എയര്‍ലൈന്‍സ് സി.എം.ഡിയായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രായം അനുവദിച്ചാല്‍ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് 6 വര്‍ഷം വരെ അധികാരത്തില്‍ തുടരാം. 62 കാരനായ സുനില്‍ അറോറ 3 വര്‍ഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരും.