ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥ് ബിജെപിയിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കമല്‍നാഥിന് പുറമെ മകന് നകുല്‍ നാഥും ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപി കേന്ദ്ര നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശില്‍ വലിയ തിരിച്ചടി നേരിടുകയും ഭരണം നഷ്ടമാകുകയും ചെയ്തതിന് പിന്നാലെയാണ് കമല്‍നാഥ് കളംമാറ്റി ചവിട്ടാനൊരുങ്ങുന്നത് എന്നാണ് സൂചന. നിരവധി തവണ എംപിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയാണ്.
ALSO READ: ഇവ രണ്ടും ഇല്ലാതെ ഇനി പിപിഎഫും ഇല്ല, സുകന്യ സമൃദ്ധി യോജനയും ഇല്ല- പുതിയ നിയമം
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവ് അത്ര എളുപ്പത്തില്‍ സാധ്യമല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കമല്‍നാഥ് പാര്‍ട്ടി വിടാനൊരുങ്ങുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മാത്രമല്ല, കമല്‍നാഥിന് രാജ്യസഭാ സീറ്റും നകുല്‍ നാഥിന് ലോക്സഭ സീറ്റും മന്ത്രിപദവും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് പുറമെ രാജ്യസഭാ എംപി വിവേക് തന്‍ഖയും ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ഈ മാസം 13ന് കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.
രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് കമല്‍നാഥ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് താത്പ്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഇതോടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറാന്‍ കമല്‍നാഥ് നിര്‍ബന്ധിതനായതെന്നും പറയപ്പെടുന്നു. മുന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന് കമല്‍നാഥിനെ ബിജെപിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ.