ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 10 മരണം. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 300ലധികം മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും ഹിമാചല്‍ പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓങ്കാര്‍ ചന്ദ് ശര്‍മ്മ പറഞ്ഞു.
സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ 3 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 124 റോഡുകൾ തകർന്നതായി മുതിർന്ന ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. മാണ്ഡിയിലെ 7-ാം മൈലിന് സമീപം ചണ്ഡീഗഡ് - മണാലി ഹൈവേയിൽ വലിയ ട്രാഫിക് ബ്ലോക്കാണ് ഉണ്ടായത്.
ALSO READ: ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്
ഞായറാഴ്ച തോരാതെ പെയ്ത മഴയെ തുടർന്ന് മാണ്ഡി - കുളു ദേശീയ പാതയിൽ മാണ്ഡി പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാണ്ഡി - ജോഗീന്ദർ നഗർ ഹൈവേയുടെ ബദൽ റൂട്ടിലും ലോക്കൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗതാഗത നിയന്ത്രണങ്ങൾ കാരണം ബുദ്ധിമുട്ട് നേരിടുന്ന ആളുകളെ മറ്റ് ബസുകളിലാണ് ലക്ഷ്യ സ്ഥാനങ്ങളിലേയ്ക്ക് അയച്ചതെന്ന് മാണ്ഡിയിലെ എസ്എച്ച്ഒ സാകിനി കപൂർ പറഞ്ഞു.
മാണ്ഡി ജില്ലയിലെ ബാഗിപുൾ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായി. ഇവിടെ വിനോദ സഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200 ലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി പോലീസ് അറിയിച്ചിരുന്നു. മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് മാണ്ഡി ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പധാർ സഞ്ജീവ് സൂദ് എഎൻഐയോട് പറഞ്ഞു. നിരവധി വിനോദ സഞ്ചാരികളെ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ 3 ദിവസമായി സംസ്ഥാനത്ത് അതിശക്തമായ മൺസൂൺ മഴയാണ് ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കനത്ത മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയുടെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും ആറ് ജലവിതരണ പദ്ധതികളെ ബാധിച്ചിട്ടുണ്ട്. പ്രതികൂലമായ ദുരന്ത സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടവർക്കുള്ള രക്ഷാപ്രവർത്തനം നടത്തി വരികയാണെന്നും സംസ്ഥാനം നൽകുന്ന പ്രോട്ടോക്കോളുകളും മുന്നറിയിപ്പുകളും പാലിക്കണമെന്നും ഓങ്കാർ ശർമ്മ പറഞ്ഞു.
ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തുടങ്ങിയ സംഘങ്ങൾ നിരവധി പ്രദേശങ്ങളിൽ മുൻകൂട്ടി നിലയുറപ്പിച്ചിട്ടുണ്ട്. അറിയിപ്പുകൾ ലഭിക്കുന്നിടത്ത് നിന്ന് രക്ഷാപ്രവർത്തനങ്ങളും മറ്റ് ദുരിതാശ്വാസ നടപടികളും നടത്താൻ സംഘം പൂർണ സജ്ജമാണ്. പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടരുമെന്നും പുതിയ നാശനഷ്ടങ്ങളോ ദുരന്തങ്ങളോ റിപ്പോർട്ട് ചെയ്താൽ ജാഗ്രത പാലിക്കുമെന്നും അധികൃതർ അറിയിച്ചു. മഴ കുറയുന്നതിന് അനുസരിച്ച് തകർന്ന 124 റോഡുകളും പുനഃസ്ഥാപിക്കാനാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...