ഡിസംബർ 14 ബുധനാഴ്ച. പതിവ് പോലെ ഡൽഹി ദ്വാരകയിലൂടെ വഴിയിലൂടെ സ്കൂളിലേക്ക് സഹോദരിക്കൊപ്പം കൈപിടിച്ച് നടക്കുകയായിരുന്നു 17കാരി പെൺകുട്ടി. പെട്ടെന്ന് ബൈക്കിലെത്തിയ രണ്ട്പേർ ഇവർക്കരിലേക്ക് വണ്ടി ചേർത്ത് ആസിഡ് പോലൊരു ദ്രാവക മുഖത്തേക്ക് ഒഴിച്ച് കടന്നുകളഞ്ഞു. സമീപകടകയിലെ സിസിടിവിയിൽ നിന്നും അക്രമികൾ വരുന്നതും ദ്രാവകം ഒഴിക്കുന്നതും പെൺകുട്ടി മുഖം പൊത്തിപ്പിടിച്ച് ഓടുന്നതുമായ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്ന 13കാരിയായ സഹോദരി ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. മുഖത്തും കഴുത്തിലുമായി എട്ട് ശതമാനം പൊള്ളലേറ്റു. അക്രമികളെ പൊലീസ് പിടികൂടിയെങ്കിലും ആസിഡ് ആക്രമണം പോലുള്ള ഹീനമായ കുറ്റകൃത്യത്തെക്കുറിച്ച് ചർച്ചയ്ക്ക് ഇട നൽകുന്നതാണ് സംഭവം.
दिल्ली में एसिड अटैक का मामला
Acid Attack in #Delhi- a girl aged 17 years was allegedly attacked using some acid like substance by two persons on a bike around 7:30am this morning.#acidattack pic.twitter.com/HZXTiHMsXH— Arun Gangwar (@AG_Journalist) December 14, 2022
ആസിഡ് ആക്രമണത്തിന്റെ ഭീകരത വലുതാണ്. അതുകൊണ്ട് തന്നെ സ്ത്രീകൾക്കെതിരായ മറ്റ് ആക്രമണങ്ങളെക്കാൾ ഹീനകുറ്റകൃത്യമായും ആസിഡ് ആക്രമണങ്ങളെ കാണുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ നോക്കിയാൽ ഇന്ത്യയിൽ ആസിഡ് ആക്രമണങ്ങൾ വർധിച്ചതായി കാണാം. വെസ്റ്റ് ബംഗാളിലും ഉത്തർപ്രദേശിലുമാണ് സ്ത്രീകൾ ആസിഡ് ആക്രമണങ്ങൾക്ക് കൂടുതലായും ഇരകളാകുന്നത്. 2019ൽ രാജ്യത്ത് ആസിഡ് ആക്രമണത്തിന് ഇരകളായത് 150 പേർ. 2020ൽ 105 പേർ, 2021ൽ 102 പേർ. 2019ൽ രജിസ്റ്റർ ചെയ്യപ്പെട്ട 83 ശതമാനം കേസുകളിൽ ശിക്ഷലഭിച്ചതാകട്ടെ 54 ശതമാനത്തിൽ മാത്രം. 2020ൽ രജിസ്റ്റർ ചെയ്യപ്പെട്ട 86 ശതമാനം കേസുകളിൽ ശിക്ഷ ലഭിച്ചത് 72 ശതമാനത്തിനും. 2021ൽ കഥമാറി. 89 ശതമാനം കേസുകളിൽ ശിക്ഷ ലഭിച്ചത് വെറും 20 ശതമാനത്തിൽ മാത്രം. ആസിഡ് അറ്റാക്ക് കേസുകളിൽ നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2015ൽ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
ആസിഡ് ആക്രമണങ്ങളെ വളരെ ഗൗരവത്തോടെയാണ് നിയമസംവിധാനങ്ങൾ കാണുന്നത്. 2013 വരെ മറ്റ് കൃറ്റകൃത്യങ്ങൾപോലെ തന്നെയായിരുന്നു ഇത്തരം സംഭവങ്ങൾ. പിന്നീട് ഭേദഗതി വരുത്തി ഇന്ത്യൻ പീനൽ കോഡിൽ 326 എ വകുപ്പ് പ്രത്യേകം കൂട്ടിച്ചേർത്തു. അതുപ്രകാരം ആസിഡ് ആക്രമണങ്ങൾക്ക് കുറഞ്ഞത് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയുമാണ് ശിക്ഷ. ഇരകൾക്ക് കൃത്യസമത്ത് തന്നെ ചികിത്സ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. ചികിത്സനൽകുന്നതിൽ കാലതാമസം വരുത്താനോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത് വൈകാനോ പാടില്ല. രണ്ട് വർഷം വരെതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ആസിഡ് വിൽപനയ്ക്ക് നിയന്ത്രണം
......................................................
ആസിഡ് പോലുള്ള മാരക വസ്തുക്കളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണമുണ്ട് രാജ്യത്ത്. 2013ൽ സുപ്രീംകോടതി പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാര്യം പോയിസൺ ആക്ട് 1919 പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ആസിഡ് വസ്തുക്കളുടെ റീട്ടെയ്ൽ വ്യാപാരം അനുവദിക്കില്ല. വിൽക്കുന്ന ആൾ ലോഗ് ബുക്ക് കൃത്യമായി സൂക്ഷിക്കണം. വാങ്ങുന്ന ആളുടെ പേര് വിവരങ്ങൾ, വാങ്ങിയ അളവ്, ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിന് എന്നത് രേഖപ്പെടുത്തണം. സർക്കാർ നൽകുന്ന ഫോട്ടോ ഉള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖയും നിർബന്ധം. വാങ്ങിക്കുന്ന ആൾ 18 വയസ് പ്രായപൂർത്തി കഴിഞ്ഞിരിക്കണം. ആസിഡ് വസ്തുക്കൾ വിൽപന നടത്തുന്ന ആൾ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നൽകണം. ചട്ടലംഘനം ബോധ്യപ്പെട്ടാൽ 50,000 രൂപവരെ പിഴ ഈടാക്കാവുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലാബുകളിലും ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. സ്റ്റോക്കുകൾ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുകയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ അറിയിക്കുകയും വേണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതിന്റെ ഉത്തരവാദിത്തം ഒരാളെ ഏൽപിക്കണമെന്നതും അയാൾ കണക്കുകൾ കൃത്യമായി സൂക്ഷിക്കണമെന്നതും നിർബന്ധമാണ്.
അതിജീവിതകൾക്കുള്ള സംരക്ഷണവും നഷ്ടപരിഹാരവും
......................................................
ആസിഡ് അതിജീവിതകൾക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവുണ്ട്. ഇത് പ്രകാരം സംസ്ഥാനങ്ങൾ കുറഞ്ഞത് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഇതിൽ ഒരു ലക്ഷംരൂപ ആക്രമണം ഉണ്ടായി 15 ദിവസത്തിനുള്ളിൽ നൽകണം. അടിയന്തര ചികിത്സ ലഭിക്കുന്നതിന് വേണ്ടികൂടിയാണിത്. ബാക്കിത്തുക രണ്ട് മാസത്തിനുള്ളിൽ ലഭ്യമാക്കണം. സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ സൗജന്യമായിരിക്കണം. അതിജീവിതയ്ക്ക് നൽകുന്ന നഷ്ടപരിഹാരത്തുകയിൽ നിന്നും ചികിത്സാ ചെലവ് എടുക്കാൻ പാടില്ല.
ആസിഡ് ആക്രമണ അതിജീവിതകളെ ഏറെ സങ്കീർണമായ പ്ലാസ്റ്റിക് സർജറികൾക്ക് വിധേയമാക്കപ്പെട്ടേക്കാം. തുടർച്ചയായ ചികിത്സകൾ ആവശ്യമായി വരുന്നതിനാൽ അതിനുള്ള കിടക്കകൾ ആശുപത്രി സദാസമയവും സജ്ജമാക്കണം. ഇക്കാര്യവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ശക്തമായ നിയമങ്ങൾ ഉണ്ടായിട്ടും ആസിഡ് ആക്രമണങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. അതിന് പ്രധാന കാരണം നിയന്ത്രണങ്ങൾ മറികടന്ന് സുലഭമായി ലഭിക്കുന്ന ആസിഡ് ദ്രാവകങ്ങളാണ്. ഡൽഹിയിൽ 17കാരി ആക്രമണത്തിൽ ഇരയായ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. പച്ചക്കറി പോലെ ആസിഡും ലഭ്യമാകുന്നു എന്നും ചില്ലറ വിൽപന നിരോധിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അവർ ആരോപിച്ചു.
ആസിഡ് ആക്രമണത്തെ ഹീനകുറ്റകൃത്യമായ കണക്കാക്കാൻ കാരണങ്ങൾ ഏറെയാണ്. അതിൽ ഏറ്റവും പ്രധാനം അതിജീവിത അനുഭവിക്കേണ്ടി വരുന്ന മാനസിക പ്രയാസങ്ങളാണ്. ഒപ്പം ശക്തമായ വേദന, ചികിത്സയിലൂടെ പോലും മാറ്റാനാകാത്ത വൈകല്യങ്ങളും വൈരൂപ്യവും കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യതയും. മുഖത്തേക്ക് ഒഴിക്കുന്ന ആസിഡുകൾ വളരെ വേഗം റിയാക്ട് ചെയ്ത് കണ്ണ്, ചെവി, മൂക്ക്, വായ എന്നിവയെ ബാധിക്കും. കൺപോളകളും ചുണ്ടുകളും വളരെ വേഗം പൊള്ളി അടർന്നുപോയേക്കാം. 11 മുതൽ 30 വയസിന് ഇടയിലുള്ള പെൺകുട്ടികളാണ് ആക്രമണങ്ങൾ നേരിടുന്നവരിൽ കൂടുതൽ. സൾഫ്യൂരിക്, നൈട്രിക്, ഹൈഡ്രോക്ലോറിക് ആസിഡുകളാണ് ആക്രമണത്തിന് ഉപയോഗിക്കുന്നവയിൽ ഏറെയും. ആസിഡ് എവിടെയൊക്കെ പറ്റിയിട്ടുണ്ടോ അവിടമെല്ലാം പൊള്ളി അടരും. അതിജീവിത അനുഭവിക്കേണ്ടി വരുന്ന വേദന ഒരാൾക്കും ചിന്തിക്കാൻ പോലും ആകില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...