Bengaluru: മാർച്ച് 31ഓടെ കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നൽകാൻ ഇന്ത്യ പദ്ധതിയിടുമ്പോൾ നാലാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ. ഓഗസ്റ്റിൽ ഇന്ത്യ കോവിഡ് നാലാം തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് വിദഗ്ധർ പ്രവചിച്ചതായി കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുന്നില്ലെങ്കിലും ഒമിക്രോണിന്റെ ഉപവകഭേദത്തിന്റെ വ്യാപനം രാജ്യത്ത് ക്രമേണ വർധിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ യാത്രക്കാരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ബിഎ.1 വേരിയന്റായിരുന്നു കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ബിഎ.2 വകഭേദമാണ് കണ്ടെത്തുന്നത്.
അതേസമയം ലോകം വീണ്ടും കോവിഡ് ഭീതിയിലാകുന്നതിന്റെ സൂചനയാണ് മിക്ക രാജ്യങ്ങളിലെയും കോവിഡ് കേസുകളുടെ എണ്ണത്തിലൂടെ വ്യക്തമാകുന്നത്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും കോവിഡ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ കഴിഞ്ഞ ആഴ്ച മാത്രം 3.5 ദശലക്ഷം ആളുകളാണ് കോവിഡ് ബാധിതരായത്. സമീപകാലത്തെ തന്നെ ഉയർന്ന രണ്ടാമത്തെ രോഗബാധ കണക്കാണിതെന്ന് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, പല രാജ്യങ്ങളിലും പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒമിക്രോൺ ഉപവകഭേദമായ ബിഎ.2 അതിവേഗം വ്യാപിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. ദിനംപ്രതി അഞ്ച് ലക്ഷത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദക്ഷിണ കൊറിയയിലാണ് ഏറ്റവും മോശം സ്ഥിതി തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...