ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID -19) മഹാമാരി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലെന്ന ഉറപ്പുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍..!!
രാജ്യസഭയില്‍ തമിഴ്നാട്ടില്‍നിന്നുള്ള അംഗം വൈക്കോയുടെ ചോദ്യത്തിനു മറുപടി പറയവേ ആണ് അനുരാഗ് താക്കുര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
"കൊറോണ വൈറസ് (COVID -19) ലോക വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും മടുപ്പ് അനുഭവപ്പെടുന്നു. എന്നാല്‍, ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ബാധിക്കില്ലെന്നാണു പുതിയ വ്യാപാര കണക്കുകളും രേഖകളും പറയുന്നത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനാല്‍ ഈ സാഹചര്യം ചിലപ്പോള്‍ ഇന്ത്യക്ക് ഗുണകരമായേക്കാം" അനുരാഗ് താക്കുര്‍ പറഞ്ഞു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി വീണ്ടും സുഗമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ "സാമ്പത്തിക സുനാമി"യാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. കൊറോണ വൈറസിനെ മാത്രമല്ല വരാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെ നേരിടാനും ഇന്ത്യ സ്വയം തയാറായില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത വേദനയിലൂടെ കടന്നുപോകേണ്ടിവരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.