ന്യൂഡല്‍ഹി: ഡല്‍ഹി-കത്ര വന്ദേഭാരത് എക്സ്പ്രസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു.
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ഹര്‍ഷവര്‍ദ്ധന്‍, ജിതേന്ദ്ര സിംഗ് എന്നിവരും ഫ്ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.
വൈഷ്ണോദേവി തീര്‍ത്ഥാടകരുടെ യാത്രാ സൗകര്യത്തിനുവേണ്ടി വന്ദേഭാരത് എക്‌സ്പ്രസ് പദ്ധതി നടപ്പിലാക്കിയ കേന്ദ്ര റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി അമിത് ഷാ നന്ദി അറിയിച്ചു.
ഈ നവരാത്രി ദിനത്തില്‍ തന്നെ ഇങ്ങനൊരു സമ്മാനം ജമ്മുകശ്മീരിന് നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന്‍റെ ടൂറിസം വികസനത്തിന് തീര്‍ത്ഥാടക യാത്രകളും ഏറെ ഗുണം ചെയ്യുമെന്നും അമിത്ഷാ വ്യക്തമാക്കി.
നിലവിൽ 12 മണിക്കൂറാണ് ഡൽഹിയിൽ നിന്ന് കത്രവരെയുള്ള ട്രയിൻ യാത്രയ്ക്ക് വേണ്ടി വരുന്നത് എന്നാല്‍ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നതോടെ അത് എട്ടു മണിക്കൂറിൽ താഴെയാകും.
ആകെ മൂന്ന് സ്റ്റേഷനുകളായിരിക്കും ഡല്‍ഹി കത്ര യാത്രയ്ക്കിടയില്‍ ഉണ്ടാകുന്നത്. അംബാല, ലുധിയാന, ജമ്മു തവി വഴിയാകും വന്ദേ ഭാരത് എക്സ്പ്രസ്സിന്‍റെ കത്ര യാത്ര. രണ്ട് മിനിട്ടാകും ഓരോ സ്റ്റേഷനിലും ട്രയിൻ നിർത്തുക.
റെയില്‍വേ മന്ത്രാലയത്തിന്‍റെ വിവരമനുസരിച്ച് വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 6 മണിക്കായിരിക്കും ഡല്‍ഹിയില്‍ നിന്നും കത്രയിലേക്ക് പോകുന്നത്. 8.10 ന് അംബാല എത്തും. അതിന് ശേഷം 9.22 ന് ലുധിയാന സ്റ്റേഷനില്‍ എത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് 12.40 ന് ജമ്മു തവി സ്റ്റേഷനില്‍ എത്തും അവിടെ നിന്നും 12.42 ന് തിരിക്കുന്ന ട്രെയിന്‍ 2 മണിക്ക് കത്രയില്‍ എത്തിച്ചേരും.
അതുപോലെ തന്നെ കത്രയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി വരാന്‍ ഉച്ചയ്ക്ക് 3 മണിക്കാണ് ട്രെയിന്‍ ഉള്ളത്. 3 മണിക്ക് തുടങ്ങുന്ന യാത്ര രാത്രി 11 മണിയോടെ ന്യൂഡല്‍ഹി സ്റ്റേഷനില്‍ എത്തിച്ചേരും. തിരിച്ചും എല്ലാ സ്റ്റൊപ്പിലും 2 മിനിറ്റ് മാത്രമേ നിര്‍ത്തുകയുള്ളൂ.
ഉച്ചകഴിഞ്ഞ് 3 ന് തിരിക്കുന്ന ട്രെയിന്‍ 4.18 ന് ജമ്മു തവി, 07.36 ന് ലുധിയാന സ്റ്റേഷന്‍, 08.56 ന് അംബാല സ്റ്റേഷനിലും 11 മണിയോടെ ഡല്‍ഹിയിലും എത്തിച്ചേരും.
ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്കുള്ള യാത്രാസമയവും കുറയുമെന്നൊരു ഉപയോഗവുമുണ്ട്.