World Sleep Day 2023: ഉറക്കക്കുറവ് ഹൃദയാഘാതത്തിലേക്ക് നയിക്കും; നല്ല ഉറക്കം ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക

Sleep and heart health: ഉറക്കക്കുറവുള്ളവരിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 11:59 AM IST
  • സ്വസ്ഥമായ ഉറക്കം ഏകാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു
  • പ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു
World Sleep Day 2023: ഉറക്കക്കുറവ് ഹൃദയാഘാതത്തിലേക്ക് നയിക്കും; നല്ല ഉറക്കം ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക

ഒരു വ്യക്തിയുടെ ആരോ​ഗ്യത്തിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ് ആരോ​ഗ്യകരമായ ഉറക്കം. ഉറക്കം കുറയുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എട്ട് മണിക്കൂർ ശരിയായ ഉറക്കം ലഭിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിനുള്ള ആദ്യപടി കൂടിയാണ്.

നിങ്ങൾക്ക് ഉറക്കം കുറയുന്നതായി തോന്നുന്നുവെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവരിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നു. ഉറക്കക്കുറവുള്ളവരുടെ കണക്കിൽ 33 മുതൽ 50 ശതമാനം വരെ ഇന്ത്യയിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നല്ല ഉറക്കം ലഭിക്കുന്നതിന്റെ ​ഗുണങ്ങൾ

സ്വസ്ഥമായ ഉറക്കം ഏകാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു. പ്രതിരോധശേഷി വർധിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ, ഉറക്കക്കുറവ് ദീർഘനാളായി തുടർന്നാൽ, അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകാം. 

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ പഠനമനുസരിച്ച്, ഏഴ് മണിക്കൂർ ഉറങ്ങുന്നവരേക്കാൾ അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് ഹൃദയാഘാത സാധ്യത 56 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

2022 മാർച്ച് മുതൽ 2023 ഫെബ്രുവരി വരെ 10,000 ആളുകളിൽ നടത്തിയ സർവേയിൽ ഇന്ത്യൻ ജനസംഖ്യയുടെ 55 ശതമാനം പേരും ഉറങ്ങുന്നത് രാത്രി 11 മണി കഴിഞ്ഞാണെന്ന് വേൾഡ് സ്ലീപ്പ് ഡേയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം വ്യക്തമാക്കുന്നു. 90 ശതമാനം ആളുകളും രാത്രി ഒന്നോ രണ്ടോ തവണ ഉണരും. 87 ശതമാനം പേർ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ ഉപയോ​ഗിക്കും. ഫോൺ പരിശോധിക്കുന്നവരിൽ 74 ശതമാനം പേരും 25നും 34നും ഇടയിൽ പ്രായമുള്ളവരാണ്.

38 ശതമാനം പേർ രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാകുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. 18 വയസ്സിന് താഴെയുള്ള 40 ശതമാനം കുട്ടികളും ഉറക്കമില്ലായ്മ അനുഭവിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 25നും 34നും ഇടയിൽ പ്രായമുള്ളവരിൽ 56 ശതമാനം പേരും നല്ല ഉറക്കം ലഭിക്കാത്തവരാണ്. ഇന്ത്യയിലെ 54 ശതമാനം പുരുഷന്മാരും 59 ശതമാനം സ്ത്രീകളും രാത്രി 11 മണിക്ക് ശേഷമാണ് ഉറങ്ങുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പ്രശ്നം 21 ശതമാനം വർധിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊന്ന് നാം ഉറങ്ങാൻ ചെലവഴിക്കുന്നു. ഉറക്കക്കുറവ് വർധിച്ചുവരുന്ന ഒരു ആരോ​ഗ്യ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരു വ്യക്തി എത്ര സമയം ഉറങ്ങണം: ഹാർവാർഡ് സർവകലാശാലയുടെ മാർ​ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കുട്ടികൾ 10 മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം. പ്രായപൂർത്തിയായവർ എട്ട് മണിക്കൂറും മുതിർന്ന ആളുകൾ ആറ് മുതൽ ഏഴ് മണിക്കൂറും ഉറങ്ങണം. പകൽ ഉറങ്ങുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. 

നല്ല ഉറക്കത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: തണുത്തതും വായുസഞ്ചാരമുള്ളതുമായ അന്തരീക്ഷം, സു​ഗന്ധപൂരിതമായ കിടപ്പുമുറി, ശാന്തമായ സംഗീതം എന്നിവ നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും. ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് ഫോൺ ഉപയോ​ഗിക്കുന്നതും ടിവി കാണുന്നതും ഉപേക്ഷിക്കുക.

ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. ഉറക്കമില്ലായ്മ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് യോഗ, ഭക്ഷണക്രമം, വൈദ്യോപദേശം എന്നിവയുടെ സഹായം തേടാം. ഉറക്കത്തെക്കുറിച്ച് എയിംസ് നടത്തിയ പഠനത്തിൽ വായ, കൈ-കാലുകൾ എന്നിവ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക, പാദങ്ങൾ മസാജ് ചെയ്യുക തുടങ്ങിയ ആയുർവേദ രീതികൾ പ്രയോജനകരമാണെന്ന് കണ്ടെത്തി.

അശ്വഗന്ധ, ബ്രഹ്മി, കരിമ്പ്, മുന്തിരി, ശർക്കര, എരുമപ്പാൽ തുടങ്ങിയ ചില ഭക്ഷണങ്ങൾ നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ, നൂറ്റാണ്ടുകളായി അത്താഴത്തിന് ശേഷം ശർക്കര കഴിക്കുകയോ ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കുകയോ ചെയ്യുന്ന പതിവുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കുന്നത് സഹായിക്കുന്ന കാര്യങ്ങളാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News