ചിലപ്പോൾ നമ്മുടെ നാവ് വെളുത്ത നിറത്തിൽ കാണപ്പെടും. നാവിൽ വെളുത്ത നിറം പടരുന്നത് കാണാം. ഈ വെളുത്ത പാളി നാവിന്റെ മുൻഭാഗം, പിൻഭാഗം, നാവിന്റെ വശങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രത്യക്ഷപ്പെടാം. ഇതുമൂലം, വായ്‌നാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വെളുത്ത നിറം പലപ്പോഴും ഫംഗസ് ബാധയുടേയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടേയോ തുടക്കമാകാം. നാവിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ രുചിയറിയാനുള്ള കഴിവിനെ വരെ ബാധിച്ചേക്കാം. അതുകൊണ്ട് ഇതിനെ നിസാരമായി തള്ളിക്കളയരുത്. നാവ് ഇത്തരത്തിൽ വെളുത്ത് കാണപ്പെടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
അമിതമായ പുകവലി: അമിതമായ പുകവലി മൃതകോശങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു. ഇത് നാവിൽ നേർത്ത വെളുത്ത പാളിയായി മാറുന്നു. ഈ പാളിയിൽ നിർജ്ജീവമായ കോശങ്ങൾ മാത്രമാണുള്ളത്. പുകവലി വർധിക്കുന്നത് മൂലം ഈ മൃതകോശങ്ങൾ വീണ്ടും അടിഞ്ഞുകൂടുന്നതിനാൽ നാവിൽ രൂപപ്പെടുന്ന ഈ പാളി ക്രമേണ കട്ടിയുള്ളതും മഞ്ഞനിറമുള്ളതുമായി മാറും.
ALSO READ: Glaucoma: നിങ്ങൾ നാൽപ്പതുകൾ പിന്നിട്ടോ; ഗ്ലോക്കോമയെ തടയാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ശുചിത്വമില്ലായ്മ: വായുടെ ശുചിത്വമില്ലായ്മയും നാവിൽ വെളുത്ത നിറം കാണപ്പെടുന്നതിന് കാരണമാകും. നാവിലെ ബാക്ടീരിയയുടെയും യീസ്റ്റിന്റെയും അമിതവളർച്ച മൂലം, നാവിന്റെ നിറം മാറുകയും വീക്കം സംഭവിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി വായുടെ ശുചിത്വം വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ നാവിൽ വെളുത്ത നിറം കാണപ്പെടാൻ സാധ്യത കൂടുതലാണ്.
നിർജ്ജലീകരണം: നിർജ്ജലീകരണമാണ് വെളുത്ത നാവ് ഉണ്ടാകാനുള്ള മറ്റൊരു കാരണം. നമ്മുടെ വായിലെ ജലാംശത്തിന്റെ അഭാവം നമ്മുടെ നാവിലെ പാപ്പില്ലയുടെ വീക്കത്തിനും കാരണമാകും. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.
അമിതമായ മദ്യപാനം: വെളുത്ത നാവിന് കാരണമാകുന്ന മറ്റൊരു അവസ്ഥയെ ല്യൂക്കോപ്ലാക്കിയ എന്ന് വിളിക്കുന്നു. ഇതിന്റെ ലക്ഷണങ്ങളിൽ നാവിലും വായിലും ചാരനിറമോ വെളുത്തതോ ആയ പാടുകൾ ഉൾപ്പെടുന്നു. മദ്യപാനം ഈ അവസ്ഥയ്ക്ക് കാരണമാകും. മദ്യം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് നാവിന്റെ വെളുത്ത നിറത്തിന് കാരണമാകും. ഇത് തുടർന്നാൽ വായിൽ അർബുദം ഉണ്ടാകുന്നതിനും കാരണമാകും.
വരണ്ട വായ: നിങ്ങളുടെ വായ പലപ്പോഴും വരണ്ടതായി തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് വെളുത്ത നാവ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വെളുത്ത നാവ്, കാൻഡിഡിയസിസ് പോലുള്ള അണുബാധകൾ വർധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം വായ വരണ്ടിരിക്കുന്നതാണ്. നാവിലെ പാപ്പില്ലയിൽ യീസ്റ്റ് അണുബാധ ഉണ്ടാകുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...