കുരങ്ങുപനി ആഗോളതലത്തിൽ പടർത്തി കൊണ്ടിരിക്കുകയാണ്. മുമ്പ് ആഫ്രിക്കയിൽ പ്രധാനമായും കണ്ട് വന്നിരുന്ന രോഗം ഇപ്പോൾ സ്പെയിൻ, പോർചുഗൽ, അമേരിക്ക അടക്കം നിരവധി രാജ്യങ്ങളിൽ സ്ഥിരീകരിച്ച് കഴിഞ്ഞു. എലി, അണ്ണാൻ, മുയൽ തുടങ്ങിയ മൃഗങ്ങളിൽ നിന്നാണ് രോഗകാരണമായ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് ബാധിക്കുന്നത്. വളരെ വിരളമായി മാത്രം കണ്ട് വന്നിരുന്ന രോഗമായിരുന്നു കുരങ്ങുപനി. മറ്റൊരു മഹാമാരിയാകാൻ പോലും സാധ്യതയുള്ള വൈറസായി ആണ് കുരങ്ങുപനിയുടെ വൈറസിനെ കാണുന്നത്.
വളരെ അപൂർവമായി മാത്രം കണ്ട് വരുന്ന ഈ രോഗം വസൂരിക്ക് സമാനമാണ്. 1958 ൽ കുരങ്ങന്മാരിലാണ് ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. 1970 ലാണ് ആദ്യമായി കുരങ്ങുപനി മനുഷ്യനിൽ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുടെ കടിയേൽക്കുന്നത് മൂലമോ രക്തം, ശരീര സ്രവങ്ങൾ, രോമങ്ങൾ എന്നിവ തൊടുന്നത് മൂലവും മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പടരാൻ കാരണമാകും.
പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ മൃഗങ്ങളിൽ നിന്നാണ് രോഗം പടരുന്നതെങ്കിലും അസുഖം ബാധിച്ച മൃഗങ്ങളുടെ ഇറച്ചി ശരിയായി പാചകം ചെയ്യാതെ കഴിക്കുന്നതും രോഗംബാധിക്കാൻ കാരണമാകും. ലൈംഗിക ബന്ധത്തിലൂടെ രോഗബാധ പടരുന്നുണ്ടെന്ന് സംശയിക്കുന്നുവെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു. സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ എന്നിവർക്കിടയിൽ രോഗബാധ കൂടുതലായി പടർന്ന് പിടിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയും പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
വളരെ വിരളമായി മാത്രം കണ്ടു വരുന്ന രോഗമായതിനാൽ ആവശ്യമായ ചികിത്സമാർഗങ്ങളും കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും, കുരങ്ങുപനി തടയാൻ വസൂരി വാക്സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണ്. പനി, പേശി വേദന, ലിംഫ് നോഡുകൾ, തലവേദന, വിറയൽ, ക്ഷീണം എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. വസൂരിയെക്കാൾ തീവ്രത കുറവാണെങ്കിലും മങ്കി പോക്സ് ശരീരത്തിലുടനീളം ചുണങ്ങ് ഉണ്ടാക്കും. ഈ തിണർപ്പുകൾ ചുണങ്ങായി മാറുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലൂടെ വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു.
രോഗബാധിതരുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. ചർമ്മത്തിലെ മുറിവുകൾ, റെസ്പിറേറ്ററി ട്രാക്ട്, കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെ ഈ വൈറസ് ഒരാളിലേക്ക് പ്രവേശിക്കാം. വൈറസ് വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മിക്ക കുരങ്ങുപനി കേസുകളും കണ്ടുവരുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.