ഒരു മികച്ച ദിവസം ആരംഭിക്കാനാണ് പ്രഭാതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത്. ദിവസം മികച്ചതാക്കുന്നതിൽ നിങ്ങളുടെ പ്രഭാത കൃത്യങ്ങൾക്ക് വളരെ പ്രധാന പങ്കുണ്ടെന്ന് അറിയാമോ? കൃത്യമായ ദിനചര്യ പിന്തുടരുന്നത് അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും നല്ല വീക്ഷണത്തോടെയും ദിവസം ആരംഭിക്കാൻ നിങ്ങളെ സഹായിക്കും. ചില സമയങ്ങളിൽ അറിയാതെ നാം ചില അനാരോഗ്യകരമായ പ്രഭാത ശീലങ്ങൾ പിന്തുടരുന്നുണ്ട്. അത് നമ്മുടെ ദിവസത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, ഉടൻ തന്നെ ഒഴിവാക്കേണ്ട അനാരോഗ്യകരമായ പ്രഭാത ശീലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ആരോഗ്യകരമല്ലാത്ത, ഉടൻ തന്നെ ഒഴിവാക്കേണ്ട അഞ്ച് പ്രഭാതശീലങ്ങൾ ഇവയാണ്:
അലാറം സ്‌നൂസ് ചെയ്യുന്നു: സ്‌നൂസ് ബട്ടൺ അമർത്തുന്നത് ഒഴിവാക്കണമെന്ന് മിക്ക ആരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നു. ഇതിന് കാരണമായി ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത് അലാറം സ്നൂസ് ചെയ്ത് കഴിയുമ്പോൾ നിങ്ങൾ വീണ്ടും ഉറക്കത്തിലേക്ക് പോകും. എന്നാൽ ഉണരാനുള്ള സമയം ആയതിനാൽ അധിക നേരം ഉറങ്ങാൻ സാധിക്കില്ല. ഇത് നിങ്ങളെ കൂടുതൽ ക്ഷീണിതരാക്കും.
കിടക്ക വൃത്തിയാക്കി വയ്ക്കുക: രാവിലെ എഴുന്നേറ്റതിന് ശേഷം കിടക്ക വൃത്തിയാക്കി വയ്ക്കുക. ഇത് നിങ്ങളെ ദിവസം മുഴുവൻ ഊർജ്ജസ്വലരും ഉന്മേഷമുള്ളവരുമാക്കി നിലനിർത്തും. മറിച്ചാണെങ്കിൽ നിങ്ങൾ വളരെ അലസതയോടെ ദിവസം മുഴുവൻ കഴിച്ചുകൂട്ടാനുള്ള സാധ്യത കൂടുതലാണ്.
അതിരാവിലെ കാപ്പി കുടിക്കുന്നത്: രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നിങ്ങളെ ഉത്കണ്ഠാകുലരാക്കുകയും ശരീരത്തിന്റെ സ്വാഭാവിക സ്ട്രെസ് ഹോർമോൺ മോണിറ്ററിംഗ് സിസ്റ്റത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് ദിവസം പകുതിയാകുമ്പോഴേക്കും നിങ്ങൾ ക്ഷീണിതരാകാൻ കാരണമാകും.
ALSO READ: Ashwagandha: അശ്വഗന്ധയുടെ ഉപയോഗവും ഗുണങ്ങളും ദോഷങ്ങളും അറിയാം
വ്യായാമം ചെയ്യാതിരിക്കുന്നത്: നിങ്ങളുടെ ആരോഗ്യകരമായ ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുന്നത് വളരെ പ്രയോജനകരമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വ്യായാമം വളരെ പ്രധാനമാണ്. വ്യായാമത്തോടെ ദിവസം ആരംഭിക്കുന്നത് നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരും ഉന്മേഷമുള്ളവരുമാക്കും.
ജലാംശം ഇല്ലാതിരിക്കുന്നത്: രാത്രിയിൽ ഉറങ്ങി എഴുന്നേറ്റതിന് ശേഷം, ശരീരത്തിൽ ജലാംശം കുറവായിരിക്കും. കാരണം, എട്ട് മണിക്കൂറോളം ശരീരത്തിന് ജലാംശം ലഭിക്കുന്നില്ല. അതിനാൽ നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നു. രാവിലെ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് തലകറക്കവും ക്ഷീണവും ഉണ്ടാകുന്നതിന് കാരണമാകും.