സർഗാത്മകതയുടെ ഹേമന്തത്തിന് തലസ്ഥാനത്ത് തുടക്കമായി; വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന പരിപാടി 23ന് അവസാനിക്കും

സമൂഹത്തിൽ അക്രമണോത്സുകത വർധിക്കുന്ന സാഹചര്യത്തിൽ കലാ സാംസ്കാരിക ഇടപെടലുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് മന്ത്രി ആർ.ബിന്ദു

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 06:26 PM IST
  • കലാ സാംസ്കാരിക ഇടപെടലുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് മന്ത്രി
  • സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പാരസ്പര്യത്തിന്റെ വേദികളായിമാറണം ഓരോ കലാവതരണവും
  • വൈകിട്ട് 5.30ന് സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തിലാണ് ഹേമന്തം 22ന്റെ ഭാഗമായുള്ള പരിപാടികൾ
സർഗാത്മകതയുടെ ഹേമന്തത്തിന് തലസ്ഥാനത്ത് തുടക്കമായി; വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന പരിപാടി 23ന് അവസാനിക്കും

തിരുവനന്തപുരം: കടുത്ത വേനലിലും സർഗാത്മകതയുടെ മഞ്ഞുപെയ്യിക്കുന്ന 'ഹേമന്തം 22ന്' വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തുടക്കമായി. കാലികവും മാനവികവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി  സംഘടിപ്പിക്കുന്ന ഹേമന്തം 22ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആര്‍.ബിന്ദു നിർവഹിച്ചു. സമൂഹത്തിൽ അക്രമണോത്സുകത വർധിക്കുന്ന സാഹചര്യത്തിൽ കലാ സാംസ്കാരിക ഇടപെടലുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാവതരണത്തിന്റെ ചില പ്രത്യേക ഇടങ്ങൾ ചിലർക്ക് മാത്രമായി പരിമിതപ്പെടുന്ന കാലഘട്ടമാണിത്. അപര വിദ്വേഷം ശക്തി പ്രാപിക്കുന്ന കാലഘട്ടം. ഇതിനെല്ലാമെതിരെ സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പാരസ്പര്യത്തിന്റെ വേദികളായിമാറണം ഓരോ കലാവതരണവുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനായി. ചടങ്ങില്‍വച്ച് ടി.കെ. രാമകൃഷ്ണന്‍ സ്മാരക ഗ്രന്ഥശാല അംഗങ്ങളുടെ കൂട്ടായ്മയായ അറിവിടത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. പ്രിയദര്‍ശനന്‍ സ്വാഗതം പറഞ്ഞു.

തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും പൂയം തിരുനാൾ ഗൗരി പാർവ്വതിഭായിയും  അടക്കമുള്ള പ്രൗഡ ഗംഭീരമായ സദസ്സിന് മുന്നിലാണ് ഹേമന്തം 22ന് തുടക്കമായത്. 'അതിരുകൾ ഭേദിക്കുന്ന വാക്ക്' എന്ന വിഷയത്തിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കടയുടെ പ്രഭാഷണത്തോടെയാണ് ഹേമന്തം 22 ആരംഭിച്ചത്. തോറ്റ്പോകുമോ എന്ന് മനുഷ്യൻ ഭയപ്പെട്ടിരുന്ന, സന്തോഷങ്ങളെ അത്യാർത്തിയോടെ  തിരിച്ചുവിളിച്ചിരുന്ന കാലമാണ് കടന്നുപോയതെന്നും ആ കാലത്തെ അതിജീവിച്ച് മനുഷ്യൻ പ്രത്യാശയോടെ ചേർന്നിരിക്കാൻ ആരംഭിച്ചിരിക്കുന്നുവെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. ഇത്തരമൊരു സന്ദർഭത്തെ കൂടുതൽ സർഗാത്മകമാക്കുന്നു എന്നതാണ് ഹേമന്തത്തിന്റെ സവിശേഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡും തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും നേടിയ ഗോപിക വർമ്മയുടെ ഛായാമുഖി എന്ന മോഹിനിയാട്ടം അവതരണവും നടന്നു.

ഈ മാസം 23 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 5.30ന് സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തിലാണ് ഹേമന്തം 22ന്റെ ഭാഗമായുള്ള പരിപാടികൾ അരങ്ങേറുന്നത്. ഹേമന്തത്തിലെ ഇന്നത്തെ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. തുടര്‍ന്ന് സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍  ശ്രീ. മധുപാല്‍ വിഷയാവതരണവും ആദരിക്കലും നിര്‍വഹിക്കും. സ്നേഹത്തിന്റെ ഇന്ദ്രജാലം എന്ന വിഷയത്തില്‍ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ പ്രഭാഷണവും തുടര്‍ന്ന് എന്‍ ശ്രീകാന്തും അശ്വതിയും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News