ഹൃദയാഘാതം കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രായമായവർ അഭിമുഖീകരിച്ച ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഹൃദയാഘാതം യുവാക്കളിലും കണ്ടുവരുന്നുണ്ട്. മുൻപ് 40 വയസ്സിന് താഴെയുള്ളവർക്ക് അപൂർവമായാണ് ഹൃദയാഘാതം സംഭവിച്ചിരുന്നത്. എന്നാൽ, ഇന്ന് ഹൃദയാഘാതം അനുഭവിക്കുന്ന അഞ്ച് രോഗികളിൽ ഒരാൾ നാൽപ്പതിൽ താഴെ പ്രായമുള്ളവരാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. 20-30 വയസിന് ഇടയിലുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുകയാണ്.
പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ നാഗ്പൂരിൽ ഒരാൾ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ വാർത്ത ഞെട്ടിക്കുന്നതായിരുന്നു. ഹൃദയാഘാതവും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സമൂഹത്തിൽ ആശങ്കകളും ചോദ്യങ്ങളും ഉയരാൻ ഈ സംഭവം കാരണമായി. കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അജയ് പർടെകി എന്ന ഇരുപത്തിയെട്ടുകാരനാണ് മരിച്ചത്. ഇയാൾ ഡ്രൈവറായും വെൽഡിംഗ് ടെക്നീഷ്യനുമായും ജോലി ചെയ്തിരുന്നയാളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പർടെകിക്ക് പനിയുണ്ടായിരുന്നു. എന്നാൽ, ഇയാൾ മരുന്നുകൾ ഉപയോഗിച്ചതിന്റെ തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഈ സംഭവം യുവാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. റീജൻസി ഹോസ്പിറ്റലിലെ ഡോക്ടർ അഭിനിത് ഗുപ്ത ഇത് സംബന്ധിച്ച ചില വസ്തുതകളെക്കുറിച്ച് പറയുന്നു.
ലൈംഗികത അല്ലെങ്കിൽ ശാരീരിക അടുപ്പം ഒരു സ്വാഭാവിക പ്രവൃത്തിയാണ്. ആരോഗ്യമുള്ള ഹൃദയമുള്ളവർക്കും ജനസംഖ്യയിലെ ഭൂരിഭാഗം ആളുകൾക്കും ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഹൃദയമിടിപ്പ് വർധിക്കും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. പടികൾ കയറാനോ ജോഗ് ചെയ്യാനോ കഴിയുമെങ്കിൽ, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണ്. പുരുഷന്മാരായാലും സ്ത്രീകളായാലും നെഞ്ചുവേദനയോ ശ്വാസതടസ്സമോ ക്രമരഹിതമായ ഹൃദയമിടിപ്പോ ഉണ്ടെങ്കിൽ, ലൈംഗികത ഉൾപ്പെടെയുള്ള കഠിനമായ ശാരീരിക അധ്വാനം ആവശ്യമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് മരുന്നുകൾ കഴിക്കുകയാണെങ്കിൽ, ഉദ്ധാരണക്കുറവിനുള്ള ഗുളികകൾ കഴിക്കുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുമായി ചർച്ച നടത്തണം. കാരണം ചില മരുന്നുകൾ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർക്ക് രക്തസമ്മർദ്ദം അപകടകരമാംവിധം കുറയ്ക്കാൻ കാരണമാകുമെന്ന് ഡോ.ഗുപ്ത അഭിപ്രായപ്പെടുന്നു.
ALSO READ: Diabetes: പ്രമേഹവും ഉഷ്ണതരംഗവും തമ്മിൽ ബന്ധമുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ആഴ്ചയിൽ ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന 10,000 ആളുകളിൽ രണ്ട് മുതൽ മൂന്ന് വരെ പേർക്ക് മാത്രമേ ഹൃദയാഘാതം ഉണ്ടാകുന്നുള്ളൂ. ലൈംഗികബന്ധം ഹൃദയത്തിലേക്കുള്ള ഓക്സിജന്റെ ആവശ്യം വർധിപ്പിക്കുകയും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും രണ്ട് പടികൾ കയറുന്നതുമായി താരതമ്യപ്പെടുത്താവുന്ന തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കും സംതൃപ്തമായ ലൈംഗിക ജീവിതമുള്ള സ്ത്രീകൾക്കും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഡോ. ഗുപ്ത വ്യക്തമാക്കുന്നു.
സെക്‌സ് ഒരു വ്യായാമത്തിന്റെ ഒരു രൂപമാണ്. ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ഒരു ബന്ധത്തിലെ അടുപ്പത്തിനും വിഷാദവും ഉത്കണ്ഠയും ലഘൂകരിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും സാധിക്കും. ഇത്തരത്തിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കും. എന്നാൽ നെഞ്ച് വേദന, ശ്വാസം മുട്ടൽ, കൈയിലും കഴുത്തിലും തോളിലും വേദന, ഓക്കാനം, അമിതമായ വിയർപ്പ്, തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ സന്ദർശിച്ച് വിദഗ്ധ ഉപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...