കുട്ടികളുടെ പ്രീസ്‌കൂൾ, പ്രൈമറി സ്കൂൾ കാലഘട്ടങ്ങളിൽ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിൽ അവർ പുറത്ത് പോയി കളിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്ക് പുറത്ത് സമയം ചെലവഴിക്കുന്നത് വളരെ പ്രയോജനകരമാണ്. മുറ്റത്തോ കളിക്കളങ്ങളിലോ പാർക്കുകളിലോ കളിക്കുന്നത് കുട്ടികളുടെ ശാരീരിക ക്ഷമത, ഭാരം, രോഗപ്രതിരോധ ശേഷി എന്നിവയെ നേരിട്ട് സ്വാധീനിക്കുന്നു. യൗവനം മുഴുവനും ചുറുചുറുക്കുള്ളവരായ കുട്ടികൾ മുതിരുമ്പോൾ പതിവായി വ്യായാമം ചെയ്യാൻ കൂടുതൽ ഉത്സാഹം കാണിക്കുന്നു.
കണ്ണുകളുടെ ആരോഗ്യം: ഔട്ട്ഡോർ കളിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് കാഴ്ചശക്തിയെ നല്ല രീതിയിൽ സ്വാധീനിക്കുന്നു എന്നതാണ്. കുട്ടികൾ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, അവർ സ്വാഭാവികമായും വിവിധ അകലങ്ങളിലുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് അവരുടെ കാഴ്ചയ്ക്ക് ഗുണം ചെയ്യുന്നു.
കലോറി നഷ്ടപ്പെടൽ: പുറത്ത് കളിക്കാൻ കൂടുതൽ സമയം ചിലവഴിക്കുന്ന കുട്ടികൾ, ഉദാസീനരായ കുട്ടികളേക്കാൾ കൂടുതൽ സജീവമായിരിക്കും. ഇത് കുട്ടികളിലെ പൊണ്ണത്തടി സാധ്യത കുറയ്ക്കുന്നു. മണിക്കൂറുകളോളം കംപ്യൂട്ടറിനോ ടെലിവിഷനോ മുന്നിൽ ചെലവഴിക്കുന്നിന് പകരം, അവർ പുറത്ത് കളികളിൽ ഏർപ്പെടുകയും കലോറി കത്തിക്കുകയും ചെയ്യുന്നു.
സൂര്യപ്രകാശം: ശരീരം സൂര്യപ്രകാശം ഏൽക്കുമ്പോൾ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നതിനാൽ കുട്ടികൾക്ക് ശരിയായ അളവിൽ വിറ്റാമിൻ ഡി ലഭിക്കാൻ ഔട്ട്‌ഡോർ കളിയും സഹായിക്കും. ശക്തവും ആരോഗ്യകരവുമായ എല്ലുകളും പല്ലുകളും നിർമ്മിക്കുന്നതിന് കുട്ടികൾക്ക് മതിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്. എല്ലിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് കാൽസ്യം ഫോസ്ഫേറ്റ് എന്ന ധാതുവാണ്, ആവശ്യത്തിന് വിറ്റാമിൻ ഡി ഉള്ളപ്പോൾ മാത്രമേ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയൂ.
പേശികളുടെ ശക്തി: പുറത്ത് കളിക്കുന്നത് കുട്ടിയുടെ ഏകോപനവും ശക്തിയും മെച്ചപ്പെടുത്തുന്നു. നീന്തൽ കുട്ടികളുടെ വളർച്ചയിൽ നല്ല സ്വാധീനം ചെലുത്തുന്ന വ്യായാമമാണ്. കുട്ടികൾ പാർക്കിൽ കളിക്കുമ്പോൾ തൂങ്ങിക്കിടക്കാനും ഇരിക്കാനുമെല്ലാം ശ്രമിക്കുന്നതിനാൽ അവരുടെ എല്ലാ പേശികളും സജീവമായിരിക്കുന്നു. ഇത് പേശികളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
സാമൂഹിക കഴിവുകൾ: കുട്ടികളുടെ ഭാവനകൾക്ക് പരിധികളില്ല. അവരുടെ ഭാവനകൾ ഉപയോഗിച്ച് അവർ ഔട്ട്ഡോർ കളി ആസ്വാദ്യകരമാക്കുന്നു. ഇത് അവരുടെ വൈജ്ഞാനിക കഴിവുകളും പ്രശ്‌നപരിഹാര കഴിവുകളും വികസിപ്പിക്കാൻ സഹായിക്കുന്നു. പുറത്ത് കളിക്കുമ്പോൾ മറ്റ് കുട്ടികളുമായി സംഭാഷണം നടത്തുന്നത് കുട്ടികളിലെ സാമൂഹിക കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, കുട്ടികൾക്കുള്ള ഔട്ട്ഡോർ കളിയുടെ ഗുണങ്ങൾ ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. ശാരീരികവും വൈജ്ഞാനികവുമായ വളർച്ച മെച്ചപ്പെടുത്തുന്നതിനൊപ്പം, ഇത് സന്തോഷകരവും ആരോഗ്യകരവുമായ ബാല്യകാലം സമ്മാനിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...