Long Life: വ്യായാമത്തിന്‍റെ ഏറ്റവും ലളിതമായ രൂപമാണ് നടപ്പ് എന്ന് പറയാം. പ്രത്യേകിച്ച് വലിയ അഭ്യാസമോ ഒരുക്കമോ ഒന്നും വേണ്ടാത്ത ഒന്നാണിത്. ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒന്ന്. ഇതിനായി ജിം വേണ്ട. നല്ല തുറസായ പച്ചപ്പുള്ള സ്ഥലം നോക്കി നടന്നാല്‍ മതിയാകും.
നടക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ് എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതായത് മോണിംഗ് വാക്ക് ആണ് ഏറ്റവും ഉത്തമം. രാവിലെ നടക്കുന്നതിനാലുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. രാവിലെ, പ്രത്യേകിച്ചും അല്‍പം നേരത്തെ എഴുന്നേറ്റ് നടക്കുന്നത് പ്രകൃതിയെ അറിയാന്‍ കൂടി സഹായിക്കും എന്ന് മാത്രമല്ല, നല്ല ശുദ്ധമായ വായു ശ്വസിച്ച് സൂര്യപ്രകാശമേറ്റ് കിളികളുടെ കലപില ശബ്ദം കേട്ടുള്ള നടത്തം നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.
മോണിംഗ് വാക്ക് ഏറെ നല്ലതാണെന്നു പറയാന്‍ ചില കാരണങ്ങളുമുണ്ട്.
എനര്‍ജി
ഒരു ദിവസം ആരംഭിക്കുമ്പോള്‍ നമുക്ക് ഏറെ ആവശ്യമായ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഊര്‍ജം അഥവാ എനര്‍ജി. ദിവസത്തെ ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഊര്‍ജ്ജം ഏറെ അത്യാവശ്യമാണ്. ഇതിനുള്ള ഏറ്റവും മികച്ച വഴിയാണ് മോണിംഗ് വാക്ക്. 10 മിനിറ്റ് നേരം നടക്കുന്നത് ഒരു കപ്പ് കാപ്പിയേക്കാള്‍ ഊര്‍ജം നല്‍കുന്നു എന്നാണ് പറയുന്നത്. രാവിലെ 20-30 മിനിറ്റ് നേരം നടക്കുന്നത് ഏറെ ഗുണകരമാണ്. നമ്മില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കുന്നു. ദിവസം മുഴുവന്‍ ജോലി ചെയ്യാന്‍ ആവശ്യമായ ഊര്‍ജം നമ്മുടെ ശരീരത്തിന് രാവിലെയുള്ള നടപ്പിനാല്‍ ലഭിയ്ക്കും. ഉണര്‍വോടെ ജോലി ചെയ്യാനും ഇത് സഹായിക്കും.
തടി കുറയ്ക്കാന്‍ നടപ്പ് ഉത്തമം
തടി കുറയ്ക്കാന്‍ നല്ലതാണ് മോണിംഗ് വാക്ക്. ആരോഗ്യകരമായ ശരീരത്തിനും മസിലുകളുടെ ആരോഗ്യത്തിനും മികച്ചതാണ് നടപ്പ്. പ്രത്യേകിച്ചും കാലുകളുടെ മസിലിന് നടപ്പ് ഏറ്റവും നല്ല വ്യായാമമാണ്. കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ നടപ്പ് ഏറെ ഗുണം ചെയ്യും. രാവിലെ അര മണിക്കൂര്‍ നടക്കുന്നത് ഹൃദയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 19% കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും രാവിലെ അര മണിക്കൂര്‍ നടക്കുന്നത് ഉത്തമമാണ്.
മാനസികമായ ആരോഗ്യത്തിനും
മാനസിക ആരോഗ്യത്തിനും രാവിലെയുളള നടപ്പ് നല്ലതാണ്. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ഇതിലൂടെ സാധിയ്ക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും നടപ്പ് നല്ലതാണ്. ഓര്‍മശക്തിയും ഏകാഗ്രതയും ബ്=വര്‍ദ്ധിപ്പിക്കാന്‍ നടപ്പ് സഹായിയ്ക്കും. തലച്ചോറിന് നല്ല രീതിയില്‍ ചിന്തിയ്ക്കാന്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കുന്നു. മാനസികവും ബൗദ്ധികവുമായ തലങ്ങളെ പ്രകാശിപ്പിക്കാന്‍ നടപ്പ് സഹായിക്കുന്നു.
നല്ല ഉറക്കത്തിന്
മോണിംഗ് വാക്ക് രാത്രിയില്‍ നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 55നു മേല്‍ പ്രായമായവരില്‍ നടത്തിയ പഠന പ്രകാരം രാവിലെയുള്ള നടത്തം ഇവര്‍ക്ക് രാത്രി നല്ല ഉറക്കം നല്‍കുന്നുവെന്നു കണ്ടെത്തി. ഇന്‍സോംമ്‌നിയ പോലുളള പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണിത്. ഉറക്ക പ്രശ്‌നങ്ങളുള്ളവര്‍ രാവിലെ നടക്കുന്നത് പതിവാക്കിയാല്‍ ഈ പ്രശ്നനങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിയ്ക്കും. ശരീരത്തിന് വൈറ്റമിന്‍ ഡി ലഭിയ്ക്കാനുള്ള വഴി കൂടിയാണ് സൂര്യപ്രകാശത്തില്‍ നടക്കുന്നത്.
നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എങ്കില്‍ മാത്രമേ നടപ്പിനുള്ള ഗുണങ്ങള്‍ ലഭിക്കൂ. വല്ലാതെ വേഗത്തിലും തീരെ പതുക്കെയും നടക്കരുത്. ഒരു മീഡിയം സ്പീഡില്‍ നടക്കണം. നിങ്ങളുടെ ശരീരത്തിന് നടത്തത്തിന്‍റെ ആയാസം അനുഭവപ്പെടണം. സ്‌പോട്‌സ് ഷൂ പോലുളള ധരിയ്ക്കുന്നത് ഗുണം നല്‍കും. നിവര്‍ന്നു വേണം, നടക്കാന്‍. കഴിവതും ദീര്‍ഘമായി ശ്വസിച്ചു നടക്കുക. പാട്ടു കേട്ടു നടക്കുന്നത് വ്യായാമത്തിന്‍റെ ബുദ്ധിമുട്ട് തോന്നാതിരിയ്ക്കാനും കൂടുതല്‍ റിലാക്‌സ് ആകാനും സഹായിക്കും. അര മണിക്കൂര്‍ എങ്കിലും നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...