World Blood Donor Day: ജൂണ്‍ 14 ലോക രക്തദാത ദിനം

രക്തദാനത്തിന് ഗുണങ്ങളേറെയെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 05:18 PM IST
  • രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവര്‍ത്തിയാണ്
  • രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഡ്യമാണ്
  • പരിശ്രമത്തിൽ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ
World Blood Donor Day: ജൂണ്‍ 14 ലോക രക്തദാത ദിനം

തിരുവനന്തപുരം: രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

BLOOD

'രക്തദാനം ചെയ്യുന്നത് ഐക്യദാര്‍ഡ്യമാണ്. പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ രക്തദാത ദിന സന്ദേശം. നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്ക്യു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഈ ദിനാചരണം സഹായകമാകുന്നു.

Also read: Heart attack: സൈലന്റ് ഹാർട്ട് അറ്റാക്ക്; നിശബ്ദ കൊലയാളി... അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ

പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിന്റെ ലഭ്യതയും, സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ. 18-നും, 65-നും ഇടയില്‍ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് 4 പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്നു.

BLOODDONOR

രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവര്‍ത്തിയാണ്. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്തബാങ്കുകളിലും, രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളിലായി 42 രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, 142 രക്തബാങ്കുകള്‍ സ്വകാര്യ ആശുപത്രികളിലും, സഹകരണ ആശുപത്രികളില്‍ 6 രക്തബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി 'സഞ്ചരിക്കുന്ന രക്തബാങ്ക്' വഴിയും രക്തശേഖരണം നടത്തുന്നുണ്ട്.ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ വച്ച് ജൂണ്‍ 14, വൈകിട്ട് 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News