ആലപ്പുഴ: റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങൾ അറസ്റ്റില്‍. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സമിതി അംഗമായ യഹിയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പെരുമ്പിലാവിലെ വീട്ടില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പോലീസ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് അറസ്റ്റ്. പുലര്‍ച്ചെ പോലീസ് സംഘം എത്തിയതറിഞ്ഞ് യഹിയ തങ്ങളുടെ വീടിന് മുന്നില്‍ സമീപവാസികളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും തടിച്ചുകൂടി. പോലീസ് വാഹനം തടയാൻ ശ്രമമുണ്ടായി. വിദ്വേഷ മുദ്രാവാക്യ കേസില്‍ സംഘാടകരെയും പോലീസ് പ്രതി ചേർത്തിരുന്നു. കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയ 'ജനമഹാസമ്മേളന'ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങള്‍.
ALSO READ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ
വിദ്വേഷ മുദ്രാവാക്യ കേസിൽ പോലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ ഹൈക്കോടതി ജഡ്ജി അടക്കമുള്ളവര്‍ക്കെതിരെ യഹിയ മോശം പരാമര്‍ശം നടത്തിയിരുന്നു. വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെയും വിവാദ പരാമർശം നടത്തി. വിദ്വേഷ മുദ്രാവാക്യ കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ച് പേരെയും ഞായറാഴ്ച മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അടക്കമുള്ളവരാണ് മുൻപ് അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...